കാത്തിരിപ്പിന് അറുതി; കരാർ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകും
text_fieldsകൊച്ചി: ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചി മെട്രോക്ക് കീഴിലെ കരാർ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ തീരുമാനം. മാനേജ്മന്റും വിവിധ തൊഴിലാളി യൂനിയൻ ഭാരവാഹികളും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ധാരണ.
ഇതുപ്രകാരം വിവിധ വിഭാഗം കരാർ തൊഴിലാളികൾക്ക് പ്രതിമാസ ശമ്പളത്തിൽ 2600 രൂപ മുതൽ 3500 രൂപ വരെ വർധന ഉണ്ടാകും. ദേശീയ അവധി ദിവസങ്ങൾ, യൂനിഫോം മറ്റു നിയമപരമായ ആനുകൂല്യങ്ങൾ എന്നിവയിലും വർധന ഉണ്ടാകും. ഓണത്തോടനുബന്ധിച്ച് 2022-23ലെ മിനിമം ബോണസ് നൽകാനും തീരുമാനമായി. മാനേജ്മെന്റിനുവേണ്ടി ഡോ. എ.ജെ. അഗസ്റ്റിൻ, റജീന കാസിം, വിബിത ബാബു എന്നിവരും വിവിധ തൊഴിലാളി യൂനിയനുകൾക്കു വേണ്ടി വി.പി. ജോർജ്, രഞ്ജിത് കൊച്ചുവീടൻ, ഷിജോ തച്ചപ്പിള്ളി, ബിന്ദു വിജയൻ, ആശ പ്രസാദ്, കെ.വി. മനോജ്, കെ.എൻ. മിനി, വി.എച്ച്. ബിനീഷ്, പി.എൻ. അജിത എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കൊച്ചി മെട്രോയിൽ ആറ് വർഷമായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കുടുംബശ്രീ അംഗങ്ങളായ വനിതകൾ നേരിടുന്ന ദുരിതത്തെക്കുറിച്ച് ജൂലൈ 27ന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കുടുംബശ്രീയുടെ എഫ്.എം.സി വഴിയാണ് ഇവരെ ക്ലീനിങ് അടക്കമുള്ള വിവിധ ജോലികൾക്ക് നിയമിച്ചത്. ഇതിനായി 38,000 പേർക്ക് എഴുത്ത് പരീക്ഷ നടത്തി 2000 പേരെ ഇന്റർവ്യൂ ചെയ്ത് 1000 പേരുടെ റാങ്ക് ലിസ്റ്റ് തയാറാക്കിയാണ് ആറുവർഷം മുമ്പ് 700 പേർക്ക് കരാർ-ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നൽകിയത്.
എന്നാൽ, ആനുപാതിക ശമ്പള വർധനയോ ആനുകൂല്യങ്ങളോ ഇല്ലാതായതോടെ ഇവരിൽ പലരും ജോലി ഉപേക്ഷിച്ചു. നിലവിൽ 568 പേരാണ് കരാർ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്.
ഓണമടക്കമുള്ള ഉത്സവകാലങ്ങളിൽ ബോണസ് അടക്കം ആനുകൂല്യങ്ങൾ ഇവർ ആവശ്യപ്പെട്ടിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു. ഇക്കാര്യം ‘മാധ്യമം’ വാർത്തയാക്കിയതോടെയാണ് മാനേജ്മന്റുകൾ ഇവരുമായി ചർച്ചക്ക് തയാറായത്. അഞ്ചുവട്ടം നീണ്ട ചർച്ചക്കൊടുവിലാണ് ആറ് വർഷത്തിന് ശേഷം ഇവരുടെ ആനുകൂല്യങ്ങളിൽ വർധനക്ക് മാനേജ്മെന്റ് തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.