പാഴ്വസ്തുക്കൾ ഇവിടെ അന്നത്തിന് വകയാകുന്നു
text_fieldsമലയിടം തുരുത്ത് ജാഗ്രത സമിതിയുടെ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നു
കിഴക്കമ്പലം: വലിച്ചെറിയുന്ന പാഴ് വസ്തുക്കളില്‍നിന്ന് ഇവര്‍ പെറുക്കിയെടുക്കുന്നത് കോവിഡില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഒരു നേരത്തെ അന്നത്തിനുള്ള വക. മലയിടം തുരുത്തിലെ ജനകീയ ജാഗ്രതാ സമിതിയുടെ അടുക്കളയില്‍ സ്നേഹ സ്പര്‍ശമായി നല്കുന്ന അന്നത്തിന് കരുതലിെൻറ കരുത്തുണ്ട്. കിഴക്കമ്പലം പഞ്ചായത്തിലെ അമ്പുനാട് ഒന്നാം വാര്‍ഡിലെ ജനകീയ ജാഗ്രത സമിതി സമൂഹ അടുക്കള തുടങ്ങിയിട്ട് 40 ദിവസം പിന്നിടുന്നു. നടത്തിപ്പിന് പരസഹായം തേടാതെ വാര്‍ഡിലെ വീടുകളില്‍നിന്നും ആക്രി പെറുക്കി വിറ്റാണ് ഇവര്‍ തുക കണ്ടെത്തുന്നത്.
തുടക്കത്തില്‍ ആക്രിയില്നിന്ന് ലഭിച്ച 40,000 രൂപയായിരുന്നു പ്രവര്‍ത്തന മൂലധനം. പിന്നീടങ്ങോട്ട് പേപ്പറും, പാഴ്വസ്തുക്കളും വിറ്റ് ജനങ്ങള്‍ ഒന്നടങ്കം സഹകരിച്ചതോടെ അടുക്കള വമ്പന്‍ ഹിറ്റായി. കോവിഡ് തരംഗം വാര്‍ഡിനെ പിടിച്ചുലച്ചപ്പോള്‍ പിടിച്ചുകെട്ടാനായി തുടങ്ങിയതാണ് ജനകീയ ജാഗ്രതാ സമിതി. വാര്‍ഡില്‍ 80 രോഗികള്‍ ഉള്ളപ്പോഴായിരുന്നു തുടക്കം പിന്നീട് അങ്ങോട്ട് അക്ഷീണ പരിശ്രമത്തിലായിരുന്നു പ്രവര്‍ത്തകര്‍. അവശ്യ സാധനങ്ങളും മരുന്നുകളടക്കം വീട്ടിലെത്തിച്ച് നല്കി. അഞ്ച് ദിവസമായി പോസിറ്റിവ് രോഗികള്‍ ഇല്ല. ഇതിന് പുറമേ എം.എല്‍.എയുടെ മൊബൈല്‍ ഫോണ്‍ ചലഞ്ച് ഏെറ്റടുക്കുകയും കിഴക്കമ്പലം പഞ്ചായത്തിലെ 11 പേര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുകയും ചെയ്തു.ആംബുലന്‍സടക്കം മൂന്ന് വാഹനങ്ങളും, ഫോഗിങ് മെഷീന്, പള്‍സ് ഓക്സിമീറ്ററുകള്‍, ഓക്സിജന്‍ സിലിണ്ടറുകളും സമിതിക്ക് സ്വന്തമായുണ്ട്.
രോഗികൾക്കൊപ്പം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്കും മറ്റിടങ്ങളില്‍ നിന്നുവന്ന് ക്വാറൻറീനില്‍ ഇരിക്കുന്നവര്‍ക്കും അന്തർസംസ്ഥാന തൊഴിലാളികള്‍ക്കും താമരച്ചാലിലെ ഡൊമിസിലിയറി കെയര്‍ സെൻററുകളില്‍ താമസിക്കുന്നവര്‍ക്കും ഉൾപ്പെടെ മൂന്ന് നേരം ഭക്ഷണം ഇവിടെ നിന്നും സൗജന്യമായി നല്‍കുന്നുണ്ട്. ആദ്യഘട്ടത്തില്‍ 70 പേര്‍ക്ക് ആരംഭിച്ച വിതരണമാണ് നിലവില്‍ 200 പേരില്‍ എത്തി നില്‍ക്കുന്നത്.
25 പേരടങ്ങുന്ന സന്നദ്ധ സംഘടന പ്രവര്‍ത്തകരാണ് പ്രതിഫലേഛയില്ലാതെ ഭക്ഷണം തയാറാക്കുന്നത്. പുലര്‍ച്ച അഞ്ച് മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രവര്‍ത്തനം. ആഴ്ചയില്‍ മൂന്നു ദിവസം ഇറച്ചിയും, മീനുമുള്പ്പെടുന്ന വിഭവ സമൃദ്ധമായ മെനുവാണ് പിന്തുടരുന്നത്. ആര്.ആര്.ടി അംഗങ്ങള്‍ മുഖേനയാണ് ഭക്ഷണം വീടുകളില്‍ എത്തിക്കുന്നത്. ചെയര്മാന് പി.കെ. കുഞ്ഞുമുഹമ്മദ്, കണ്‍വീനര്‍ എം.കെ.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.