വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് താഴ്ചയിലേക്ക് വീണു
text_fieldsമലയിഞ്ചി: കീഴാര്‍കുത്ത് വെള്ളച്ചാട്ടം കാണാനെത്തിയ എട്ടംഗ സംഘത്തില്‍പ്പെട്ട യുവാവ് അപകടത്തില്‍പ്പെട്ടു. താഴ്ചയിലേക്ക് വീണ യുവാവിനെ ഏറെനേരം നീണ്ട സാഹസിക രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി. എറണാകുളം ഫോര്‍ട്ട്കൊച്ചി സ്വദേശി ജിജുവാണ് (35) അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച രാവിലെ 7.15 നാണ് എട്ടംഗസംഘം മലയിഞ്ചിയില്നിന്ന് കീഴാർകുത്ത് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടത്. കീഴാര്‍കുത്തിന് ഒന്നരക്കിലോമീറ്റര്‍ താഴ്ഭാഗത്തുള്ള കൊച്ചുകുത്തിൽനിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ജിജു പാറക്കെട്ടില്‍നിന്ന് കാലുതെന്നി താഴെവീഴുകയായിരുന്നു. വീഴ്ചയിൽ ബോധരഹിതനായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ താഴേക്കിറങ്ങി ജിജുവിന്റെ സമീപമെത്തി ഇയാള്‍ക്ക് ശുശ്രൂഷ നല്‍കുകയും പൊലീസിനെയും അഗ്നിരക്ഷസേനയെയും വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് കരിമണ്ണൂർ എസ്.ഐ ബിജു ജേക്കബ്, എ.എസ്.ഐ ജോസ് ജോൺ, സി.പി.ഒ രാജേഷ് എന്നിവർ സംഭവസ്ഥലത്തേക്ക് തിരിച്ചു. മലയിഞ്ചിയിൽനിന്ന് നാലര കിലോമീറ്ററോളം വനത്തിനുള്ളിലൂടെ നടന്ന് ഉച്ചക്ക് ഒന്നരയോടെ ഇവർ സ്ഥലത്തെത്തി. ഈസമയം വെള്ളവും മറ്റും തീർന്ന് അവശനിലയിലായിരുന്നു സംഘം. തുടർന്ന് പൊലീസ് അറിയിച്ചതനുസരിച്ച് സ്ട്രച്ചറുമായി അഗ്നിരക്ഷാസേനയും വനപാലകരും കൂടുതൽ പൊലീസും നാട്ടുകാരും സംഭവസ്ഥലത്തെത്തി. ഇവിടെനിന്ന് യുവാവിനെ സ്ട്രച്ചറിൽ കയറ്റി ചുമന്ന് വൈകീട്ട് മൂന്നുമണിയോടെ വാഹനമെത്തുന്ന മലയിഞ്ചിയിലെത്തിച്ചു.
ഇവിടെനിന്ന് അഗ്നിരക്ഷസേന ആംബുലൻസിൽ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലുമെത്തിച്ചു. യുവാവിന്റെ തലക്കും വാരിയെല്ലിനും കാൽമുട്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
കുത്തിലേക്ക് വിഴാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. തൊടുപുഴ അഗ്നിരക്ഷാസേന ഗ്രേഡ് എ.എസ്.ടി.ഒ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർമാരായ ഷൗക്കത്തലി ഫവാസ്, കെ.ബി. ജിനീഷ്കുമാർ, ഫയർ ഓഫിസർമാരായ ഷിന്റോ തോമസ്, എം.എൻ. അയൂബ്, കെ.ബി. ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.