മോഷണപ്പേടിയിൽ നാട്
text_fieldsകൊച്ചി: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നടന്ന മോഷണശ്രമങ്ങൾക്ക് പിന്നിൽ കുറുവ സംഘങ്ങളാണെന്ന സംശയത്തെ തുടർന്ന് ആശങ്കയിലാണ് ജനങ്ങൾ. ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമായി കർശന നടപടികളെടുക്കുന്നുണ്ടെന്ന് പൊലീസ് ധൈര്യം പകരുന്നുമുണ്ട്.
ഏതാനും ദിവസങ്ങളായി റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ പൊലീസുകാരെ ഉപയോഗിച്ച് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ കുറുവ സംഘം സമീപകാലത്ത് ഏതെങ്കിലും മോഷണം നടത്തിയതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പൊലീസ് നടത്തിയിട്ടില്ല. കുറുവ സംഘത്തിന്റെ മാതൃകയിലുള്ളതല്ലാത്ത നിരവധി മോഷണങ്ങളും ജില്ലയിൽ ഏതാനും മാസങ്ങൾക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അന്തർസംസ്ഥാന മോഷ്ടാക്കളേറുന്നു
താരതമ്യേന ഉയർന്ന ജീവിത നിലവാരത്തിലുള്ള ആളുകൾ നിരവധിയുണ്ടെന്നതാണ് ഇവിടേക്ക് കൂടുതൽ അന്തർസംസ്ഥാന മോഷ്ടാക്കളെത്തുന്നതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കഴിഞ്ഞ മൂന്നര വർഷത്തിനിടെ കേരളത്തിൽ അന്തർസംസ്ഥാന മോഷ്ടാക്കൾക്കെതിരെ രജിസ്റ്റർ ചെയ്തത് 1378 കേസുകളാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കൊച്ചിയിൽ അലൻവാക്കറുടെ സംഗീത നിശക്കിടെ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളെത്തി വ്യാപകമായി മൊബൈൽഫോണുകൾ കവർന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രതികളെ പ്രത്യേക അന്വേഷണ സംഘം അതാത് നാടുകളിലെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അടുത്തിടെ നിരവധി മോഷണങ്ങൾ
കഴിഞ്ഞ ദിവസം വടക്കൻ പറവൂരിലുണ്ടായ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന തരത്തിൽ സംശയങ്ങൾ ഉടലെടുത്തിട്ടുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആലപ്പുഴ ജില്ലയിൽ അറസ്റ്റിലായ കുറുവ സംഘാംഗം താമസിച്ചിരുന്നത് എറണാകുളം കുണ്ടന്നൂർ പാലത്തിന് സമീപമാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഇവരുടെ രീതിയിലുള്ളതല്ലാത്ത നിരവധി മോഷണങ്ങൾ ജില്ലയിൽ ഉണ്ടാകുന്നുണ്ട്. ദേശീയപാതയോരത്ത് സുരക്ഷക്കായി സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡുകൾ മോഷ്ടിക്കുന്നുവെന്ന പരാതി അങ്കമാലിയിൽ ഉയർന്നിരുന്നു. പെരുമ്പാവൂർ മില്ലുംപടിയിലെ വര്ക്ഷോപ്പില് നിന്ന് 5,000 രൂപയും വാടക വീട്ടില് നിന്ന് ഒരു ലക്ഷം രൂപയും സ്വര്ണവും അടുത്തിടെ മോഷണം പോയ സംഭവവുമുണ്ടായി.
അങ്കമാലി കിടങ്ങൂരിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലും മോഷണമുണ്ടായി. കോതമംഗലം പുതുപ്പാടിയിൽ ലിഫ്റ്റ് ഇറിഗേഷന്റെ പമ്പ് ഹൗസിൽ നിന്ന് ചെമ്പുകമ്പി മോഷണം പോയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. മജിസ്ട്രേറ്റിന്റെ വീട് കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരാധനാലയങ്ങളിൽ, വില്ലേജ് ഓഫിസിൽ, വഴിയോരങ്ങളിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ എന്നിങ്ങനെയൊക്കെ മോഷണങ്ങൾ ജില്ലയിൽ സമീപ ദിവസങ്ങളിലുണ്ടായിട്ടുണ്ട്.
ജാഗ്രത പാലിക്കാം
പാൽ, പത്രം തുടങ്ങിയവ വീട്ടുമുറ്റത്ത് തന്നെ പകൽ സമയത്തും കിടക്കുന്നത്, വീട്ടിലെ പുറത്തെ ലൈറ്റ് ഉച്ചക്കും മറ്റും തെളിഞ്ഞുകിടക്കുന്നത് എന്നിവയൊക്കെ വീടുകളിൽ ആളില്ലെന്ന് ഉറപ്പിക്കാൻ മോഷ്ടാക്കളെ സഹായിക്കുന്ന കാര്യങ്ങളാണ്. വീടുപൂട്ടി യാത്ര പോകുന്നവർ പൊലീസിൽ അറിയിക്കുകയോ ‘പോൽ’ആപ്പിലെ ലോക്കഡ് ഹൗസ് ഇൻഫർമേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ വേണം.
പൊലീസിന്റെ എമർജൻസി നമ്പറായ 112 അടക്കം ഫോൺ നമ്പറുകൾ സൂക്ഷിച്ചുവെക്കുക. രാത്രി സമയങ്ങളിൽ വീടിന് പുറത്തെ ലൈറ്റുകൾ പ്രകാശിപ്പിക്കണം. കുഞ്ഞുങ്ങളുടെ കരച്ചിൽ, പൈപ്പിലെ വെള്ളം തുറന്നുവിടുന്നത് തുടങ്ങിയ അസ്വാഭാവിക ശബ്ദങ്ങൾ രാത്രിസമയത്ത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അയൽവാസികളെ അറിയിക്കണം. കമ്പിപ്പാര, പിക്കാസ് തുടങ്ങിയ ആയുധങ്ങൾ വീടിന് പുറത്ത് സൂക്ഷിക്കരുത്.
മഴ മറയാക്കിയും കവർച്ച
ഏതാനും ദിവസങ്ങളായി വൈകുന്നേരങ്ങളിൽ ജില്ലയിൽ മഴ ലഭിക്കുന്നുണ്ട്. മഴയുടെ മറവിൽ മോഷണം നടത്തുന്ന സംഭവങ്ങൾ മുൻകാലങ്ങളിൽ പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഴയും അതിന്റെ ശബ്ദവുമൊക്കെ മറയാക്കി മോഷ്ടാക്കളെത്തിയേക്കാം. ഈസമയത്ത് പ്രധാന നിരത്തുകളടക്കം നേരത്തെ വിജനമാകുമെന്നതും വീടുകളിലുള്ളവർ പതിവിലും നേരത്തെ ഉറങ്ങി, വൈകി എണീക്കുന്നതിന് സാധ്യതയുണ്ടെന്നതുമൊക്കെ മുതലെടുത്താണ് ഇത്തരം മോഷ്ടാക്കളുടെ പ്രവർത്തനം. അന്തർസംസ്ഥാന മോഷ്ടാക്കൾ ഈ സമയത്ത് കേരളത്തിലെത്തുന്നത് മുൻകാലങ്ങൾ മുതൽ പൊലീസ് ശ്രദ്ധിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.