തോടുകളില്‍ മണ്ണും ചളിയും നീരൊഴുക്ക് തടസ്സപ്പെടുമെന്ന് ആശങ്ക
text_fieldsപെരുമ്പാവൂർ: നഗരസഭ പരിധിയിലെ തോടുകളിൽ മണ്ണും ചളിയും നീക്കാത്തതുമൂലം നീരൊഴുക്ക് തടസ്സപ്പെടുമെന്ന് ആശങ്ക. മഴ രൂക്ഷമായതോടെ പുത്തൻപാലം, പഴയപാലം, സൗത്ത് വല്ലം പാലം തുടങ്ങിയ പാലങ്ങളുടെ കീഴിൽകൂടി ഒഴുകുന്ന തോടുകളിൽ നീരൊഴുക്ക് തടസ്സപ്പെട്ടാൽ വെള്ളം കരയിലേക്ക് കയറാൻ സാധ്യത ഏറെയാണ്. പെരിയാറിൽ വെള്ളം ഉയരുന്ന സാഹചര്യത്തിൽ തോടുകൾ നിറയുന്നത് ഭീഷണിയാണ്.
നഗരസഭയിലെ രണ്ട്, മൂന്ന്, നാല്, 10, 24, 25 വാർഡുകളിലൂടെ ഒഴുകുന്ന തോടുകളാണ് ചളിയും മണ്ണും നിറഞ്ഞ് ചുറ്റിലും കാടുകയറി കിടക്കുന്നത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന വാർഡുകളാണിത്. തോട് കരകവിഞ്ഞാൽ റോഡിലൂടെയുള്ള കാൽനടക്കും ഗതാഗതത്തിനും തടസ്സമാകും.
2018ലും 19ലും ഉണ്ടായ പ്രളയത്തിൽ വെള്ളത്തിൽ മുങ്ങിയ സ്ഥലങ്ങളാണ് വാർഡുകളിലെ താഴ്ന്ന ഈ പ്രദേശങ്ങൾ. രണ്ട്, മൂന്ന് വാർഡുകൾ പാടെ വെള്ളത്തിനടിയിലായിരുന്നു. ഈ വാർഡുകളിൽ കൂടിയുള്ള വലിയ തോട്ടിലൂടെയാണ് വെള്ളം പെരിയാറിലെത്തുന്നത്.
രണ്ട് വർഷം പ്രളയ ഭീഷണി നേരിട്ടതുകൊണ്ട് മുൻവര്‍ഷങ്ങളിൽ മഴക്കാലത്തിന് മുമ്പ് തോടുകളിലെ ചളിയും മണ്ണും നീക്കിയും കാടുകൾ വെട്ടിത്തെളിച്ചും നീരൊഴുക്ക് സുഗമമാക്കിയിരുന്നു. 2019ൽ എം.എല്‍.എയുടെ നേതൃത്വത്തിൽ തോടുകളുടെ വീതി വര്‍ധിപ്പിക്കുകയും നഗരസഭ ഫണ്ട് ചെലവഴിച്ച് ശുചീകരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ ആരും ഗൗനിച്ചില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ വര്‍ഷങ്ങളിൽ തോടുകളുടെ ശുചീകരണത്തിന് നഗരസഭ ഫണ്ട് നല്‍കിയിരുന്നു. ഇത്തവണ കൊടുത്തിട്ടില്ലെന്നാണ് വിവരം. മഴ പെയ്ത് തോടുകൾ നിറഞ്ഞതോടെ ഇനിയുള്ള ദിവസങ്ങളിൽ ശുചീകരണം എളുപ്പാകില്ല. ആഗസ്റ്റിന് മുമ്പ് ശുചീകരണം നടത്തിയില്ലെങ്കിൽ തോടുകൾ നിറഞ്ഞ് കരയിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എത്രയും വേഗം ഇക്കാര്യത്തിൽ നടപടി ഉണ്ടാകണമെന്നാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.