മാലിന്യ പ്രശ്നത്തിന് പരിഹാരമില്ല; സമരത്തിന് ഒരുങ്ങി പേട്ട നിവാസികൾ
text_fieldsമൂവാറ്റുപുഴ: ജനവാസ കേന്ദ്രമായ പേട്ടയിലൂടെ ഒഴുകുന്ന മണ്ണാൻ കടവ് തോട്ടിലെ മാലിന്യ പ്രശ്നം പരിസരവാസികൾക്ക്ദുരിതമായി. ദുർഗന്ധവും ഇൗച്ചയും കൊതുകും മൂലം ജനജീവിതം ദുസഹമായി. മാസങ്ങൾക്ക് മുമ്പ് മണ്ണാൻ തോട്ടിലേക്ക് ഓട മാലിന്യം ഒഴുകി എത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങിയതോടെ നഗരസഭ വികസന കാര്യസമിതി ചെയർമാന്റെ നേതൃത്വത്തിൽ ഗവ. ആശുപത്രിയ്ക്ക് മുൻവശം മുതൽ ഓടയിലെ മാലിന്യം നീക്കം ചെയ്യുകയും ഓടയിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കുന്നത് തടയുകയും ചെയ്തിരുന്നു. എന്നാൽ വേനൽ ആരംഭിച്ചതോടെ പ്രശ്നം വീണ്ടും രൂക്ഷമായിരിക്കുകയാണ്. വീണ്ടും ഓടയിലൂടെ മാലിന്യം തോട്ടിലേക്ക് ഒഴുകി എത്തുന്നു. പുറമെ നിന്നും ഓടയിലേക്ക് തുറന്നിരുന്ന എല്ലാ പൈപ്പുകളും അടച്ചായിരുന്നു ഓട വൃത്തിയാക്കിയത്. തുടർന്ന് മണ്ണാൻ തോട്ടിലേക്ക് മാലിന്യം ഒഴുക്കിയ കെട്ടിട ഉടമകൾക്കു പിഴ ചുമത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോഴും മലിന ജലം ഒഴുകിയെത്തി തോട്ടിൽ കെട്ടി കിടന്ന് ദുർഗന്ധം വമിപ്പിക്കുന്നുണ്ട്. ഈച്ചയും കൊതുകും പെരുകുന്നതുമൂലം പകർച്ച വ്യാധികൾ പടരുമെന്ന ഭീതിയിലാണ് നാട്ടുകാർ. തോട് നഗരസഭ ആധുനീക രീതിയിൽ നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്ന പരിഹാരത്തിന് ആവശ്യമായ നടപടി യുദ്ധകാല അടിസ്ഥാനത്തിൽ നടത്തണമെന്ന് വാർഡ് കൗൺസിലർ വി.എ. ജാഫർ സാദിക്കും ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചില്ലങ്കിൽ സമരരംഗത്തിറങ്ങാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.