പുത്തൻതോട് ഇറിഗേഷൻ കനാൽ കുളത്തിൽ വെള്ളമില്ല
text_fieldsചെങ്ങമനാട്: നമ്പർ വൺ ലിഫ്റ്റ് ഇറിഗേഷന്റെ ഭാഗമായ പുത്തൻതോട് ലീഡിങ് കനാൽ കുളത്തിൽ വെള്ളം വറ്റിത്തുടങ്ങിയതോടെ പമ്പിങ്ങ് നിലച്ചു. നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകളിലെ ഹെക്ടർ കണക്കിന് നെൽ അടക്കമുള്ള കൃഷിക്കും കുടിവെള്ള സ്രോതസ്സുകൾക്കും പമ്പിങ് നിലക്കുന്നത് ഭീഷണിയാകും.
പെരിയാറിന്റെ കൈവഴിയായ പാനായിത്തോട്ടിൽ നിന്നൊഴുകുന്ന വെള്ളമാണ് പുത്തൻതോട്ടിൽ എത്തുന്നത്. എന്നാൽ, ഏറെക്കാലമായി മണ്ണിടിഞ്ഞും പായൽ നിറഞ്ഞും കാട് മൂടിയും ജലമൊഴുക്ക് കാര്യക്ഷമമല്ല. പ്രതിഷേധം ശക്തമാകുമ്പോൾ പായൽ വാരാറുണ്ടെങ്കിലും ചളി നീക്കാത്തത് ജലമൊഴുക്കിന് തടസ്സമാകുന്നുണ്ട്. രണ്ടര കിലോമീറ്ററിലധികം ദൂരമുള്ള തോട്ടിലെ മണ്ണ് നീക്കി സുഗമമായി ജലമൊഴുകാൻ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം അധികൃതർ നിരാകരിക്കുകയായിരുന്നു.
പൊതുവെ പെരിയാറിലെ ജലനിരപ്പ് താഴ്ന്നതും പുറപ്പിള്ളിക്കാവ് റഗുലേറ്റർ ബ്രിഡ്ജ് തുറന്ന് കിടക്കുന്നതുമാണ് വെള്ളമെത്താൻ പ്രധാന തടസ്സം.
പൊതുമേഖല സ്ഥാപനമായ കാംകോ എട്ട് ഏക്കറോളം വയലിൽ പതിവ് പോലെ നെൽകൃഷി ആരംഭിക്കാൻ ശ്രമം ആരംഭിച്ചപ്പോഴാണ് പുത്തൻതോട്ടിലെ കുളത്തിൽ ജലം ഇല്ലാത്ത അവസ്ഥ വന്നത്. തോട്ടിലെ ജലനിരപ്പുയർത്തുകയും നീരൊഴുക്ക് സുഗമമാക്കുകയുമാണ് പ്രധാന പരിഹാര മാർഗമായി കർഷകർ ചൂണ്ടിക്കാട്ടുന്നത്.
വെള്ളം ഒഴുകിയെത്താത്തതിനാൽ വരും ദിവസങ്ങളിൽ പമ്പിങ്ങ് പൂർണമായും നിർത്തിവെക്കേണ്ട സ്ഥിതിയാണുള്ളതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.