‘പൊന്നിൻ വില’യുണ്ട് ഈ വീട്ടമ്മയുടെ സത്യസന്ധതക്ക്
text_fieldsമട്ടാഞ്ചേരി: നാലര പവൻ നഷ്ടപ്പെട്ട വിഷമത്തിനിടയിലും കളഞ്ഞുകിട്ടിയ സ്വർണം ഉടമക്ക് നൽകി വീട്ടമ്മയുടെ സത്യസന്ധത. വീടിന്റെ അറ്റകുറ്റപ്പണി തീർക്കാനുള്ള ഏക സമ്പാദ്യം നഷ്ടപ്പെട്ട വിഷമത്തിനിടയിലാണ് വീട്ടമ്മ മാതൃക കാട്ടിയത്.
മട്ടാഞ്ചേരി, കരിങ്ങാതുരുത്തി പറമ്പിൽ സുറുമിയെന്ന വീട്ടമ്മയാണ് സ്വർണം നഷ്ടപ്പെട്ട സങ്കടത്തിനിടയിലും തനിക്ക് കളഞ്ഞുകിട്ടിയ സ്വർണ പാദസരം ഉടമയെ കണ്ടെത്തി മടക്കി നൽകിയത്.
സുറുമിയുടെ ഭർതൃമാതാവിന്റെ നാലര പവൻ വരുന്ന മാലയാണ് കഴിഞ്ഞ ദിവസം അക്ഷയ കേന്ദ്രത്തിൽ പോയി മടങ്ങും വഴി നഷ്ടപ്പെട്ടത്. ഷീറ്റ് മേഞ്ഞ വീടിന്റെ അറ്റകുറ്റപ്പണി ഇത് വിറ്റ് നടത്താമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് നഷ്ടമാകുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുനീറിന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. കുടുംബം മുഴുവൻ വേദനയോടെ ഇരിക്കുമ്പോഴാണ് കഴിഞ്ഞ വെള്ളിയാഴ്ച പനയപ്പിള്ളിയിൽനിന്ന് ഒരു സ്വർണ പാദസരം സുറുമിക്ക് കളഞ്ഞ് കിട്ടുന്നത്. സുറുമി ഇത് സംബന്ധിച്ച് പ്രാദേശിക ചാനൽവഴി അറിയിപ്പ് നൽകി. ഇതുകണ്ട് ഉടമയായ ഹോമിയോ ഡോക്ടർ കൂടിയായ നിസ ബന്ധപ്പെടുകയും പാദസരം സംബന്ധിച്ച തെളിവുകൾ നൽകുകയും ചെയ്തു.
ഡോക്ടർ നൽകിയ പാരിതോഷികം സുറുമി സ്നേഹപൂർവം നിരസിച്ചു. ഒപ്പം ഒരു കാര്യം മാത്രമാണ് സുറുമി ആവശ്യപ്പെട്ടത്. നഷ്ടപ്പെട്ട സ്വർണം കിട്ടാൻ പ്രാർഥന ഉണ്ടാകണമെന്ന്. സ്വർണം കിട്ടിയവർ ആരായാലും മടക്കി തരാൻ മനസ്സ് കാട്ടുമെന്നാണ് സുറുമിയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.