ഹാർബർപാലം ഇരുട്ടിലായിട്ട് മാസങ്ങൾ; അപകടം തുടർക്കഥ
text_fieldsമട്ടാഞ്ചേരി: കൊച്ചിയുടെ മുഖമുദ്രയായി അറിയപ്പെടുന്ന തോപ്പുംപടി ഹാർബർ പാലം ഇരുട്ടിലായിട്ട് മാസങ്ങൾ പിന്നിടുമ്പോഴും അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. പാലം ഇരുട്ടിലായതോടെ അപകടങ്ങൾ ഇവിടെ പതിവായിരിക്കുകയാണ്. അടുത്തിടെ നടന്ന പാലം നവീകരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്കിടയിൽ വൈദ്യുതി കേബിൾ മുറിഞ്ഞതാണ് വിളക്കുകൾ തെളിയാതിരിക്കാൻ കാരണമെന്നാണ് പറയുന്നത്.
85 ലക്ഷം രൂപയോളം വിനിയോഗിച്ചാണ് പൈതൃകപെരുമ പേറുന്ന ഹാർബർ പാലം നവീകരിച്ചത്. നവീകരണത്തിനിടയാണ് വൈദ്യുതി കേബിൾ മുറിഞ്ഞതെങ്കിലും കരാറുകാരനും പരിഹാരത്തിനായി നടപടി സ്വീകരിച്ചില്ല. നവീകരിച്ച പാലം ഉദ്ഘാടനം നടക്കുമ്പോഴും പാലം ഇരുട്ടിലായിരുന്നു. പാലത്തിലെ വിളക്കുകൾ തെളിയാത്തത് സംബന്ധിച്ച് നഗരസഭ അധികൃതരെ പൊതുപ്രവർത്തകർ പലതവണ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. കേബിൾ അറ്റകുറ്റപ്പണി നടത്തേണ്ടത് വൈദ്യുതി വകുപ്പാണെന്ന് നഗരസഭ പറയുന്നു.
വൈദ്യുതി ബോർഡ് അധികൃതരാകട്ടേ കേബിൾ മുറിച്ചത് പൊതുമരാമത്തായതിനാൽ അവർ ശരിയാക്കട്ടേ എന്ന നിലപാടിലാണ്. പൊതുമരാമത്ത് അധികൃതരാകട്ടെ നേരെ തിരിച്ചും പഴിപറഞ്ഞ് തലയൂരുന്ന സമീപനമാണ് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. വകുപ്പുകൾ പരസ്പരം പഴി ചാരി തടി തപ്പുമ്പോൾ ഹാർബർ പാലം ഇരുട്ടിൽ തുടരുകയാണ്. ഒപ്പം അപകടങ്ങളും പതിവാകുന്നു. പൊതുപ്രവർത്തകൻ ഹാരിസ് അബു ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.