ഹമാസിനെ തീവ്രവാദികളായി കാണുന്നവർ ചരിത്രം പഠിക്കണം -എം.എ. ബേബി
text_fieldsകൊച്ചി: ഹമാസിനെ തീവ്രവാദികളെന്ന് വിളിക്കുന്നവർ ചരിത്രം മനസ്സിലാക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഫലസ്തീന്റെ വിമോചനത്തിനുള്ള പോരാട്ടത്തിന്റെ മുൻനിരയിലുള്ള സംഘടനയാണത്. ഫലസ്തീന്റെ വിമോചന സമരം അടിച്ചമർച്ചത്തിയ ചരിത്രമാണ് ഇസ്രായേലിന്റേത്.
ഓസ്ലോ ഉടമ്പടി ഒപ്പിട്ട ഇസ്രായേൽ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയത് സയണിസ്റ്റ് തീവ്രവാദികളാണ്. ഹമാസിന്റേത് തീവ്രവാദമെന്ന് പറഞ്ഞ് ബഹളം വെക്കുന്നവർ ഈ തീവ്രവാദം കാണാതെ പോകരുത്. ഇസ്രായേലിന്റെ ഭീകരാക്രമണത്തിന് ഇരകളാകുന്ന ഫലസ്തീനോടുള്ള ഐക്യദാർഢ്യം സ്വന്തം മനസ്സാക്ഷിയോടുള്ള ഐക്യദാർഢ്യമാണെന്നും ബേബി പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫലതീൻ ഐക്യദാർഡ്യറാലിയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹമാസിന്റെ നിലപാടുകളിൽ യോജിക്കാൻ കഴിയാത്ത മേഖലകളുണ്ട്. എന്നാൽ, സ്വന്തം ജനതയുടെ പിന്തുണയോടെ പിറന്ന നാടിനുവേണ്ടി അവർ നടത്തുന്ന പോരാട്ടം കണക്കിലെടുക്കുമ്പോൾ അത്തരം എല്ലാ കാര്യങ്ങളും നോക്കാനാവില്ല.
മരിച്ചുവീണവരുടെ കണ്ണീരും അസ്ഥികളും മാത്രമുള്ള സ്ഥലമാക്കി ഗസ്സയെ മാറ്റാനാണ് നെതന്യാഹുവും കൂട്ടരും ശ്രമിക്കുന്നത്. ഇസ്ലാം എന്ന് കേട്ടാൽ പേടിക്കേണ്ടതാണെന്ന പ്രതീതി നിർമാണം ചിലർ സംഘടിതമായി നടത്തിവരുന്നു. സാമ്രാജ്യത്വ ശക്തികളാണ് ഇവിടെ കളിക്കുന്നത്. ഇസ്രായേലിനെ പിന്തുണക്കുന്ന നരേന്ദ്ര മോദിയും അദ്ദേഹത്തെ പിന്തുണക്കുന്ന മാധ്യമങ്ങളും ആത്മപരിശോധന നടത്തണം. ഫലസ്തീൻ പ്രശ്നം ഇസ്ലാം വിശ്വാസികളുടെ പ്രശ്നമായി വെട്ടിച്ചുരുക്കുന്നത് അബദ്ധമാണെന്നും ബേബി പറഞ്ഞു.
സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. പ്രഫ. എം.കെ. സാനു, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, എസ്. ശർമ, സി.എം. ദിനേശ് മണി, കെ. ചന്ദ്രൻ പിള്ള, കൊച്ചി മേയർ എം. അനിൽകുമാർ തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.