തീവ്രപ്രവർത്തനങ്ങളുമായി അധികൃതർ; വെള്ളക്കെട്ട് ഭീഷണിയൊഴിയാതെ നഗരം
text_fieldsകൊച്ചി: ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ടിലമരുന്ന കൊച്ചി നഗരം കാലവർഷം കനക്കുന്നതോടെ കടുത്ത ആശങ്കയിലാണ്. മഴതുടങ്ങി ആദ്യ ദിനംതന്നെ വെളളക്കെട്ടിന്റെ പരാതികളാണ് ഉയരുന്നത്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ സർക്കാരും ജില്ല ഭരണകൂടവും നടപ്പാക്കുന്ന ഓപറേഷൻ ബ്രേക്ക് ത്രൂ അടക്കമുളള പദ്ധതി പ്രവർത്തനങ്ങളും കോടതി ഇടപെടലുകളുമെല്ലാം ഇതോടൊപ്പം സജീവമാണ്.
എന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ തവണ വെളളക്കെട്ടിന്റെ തോത് കുറഞ്ഞിരുന്നു. ഇത്തവണയും വെള്ളക്കെട്ടിന് ശമനമുണ്ടാക്കാനുളള പദ്ധതികളാണ് നഗരത്തിൽ നടത്തുന്നതെങ്കിലും പൂർണതോതിലുളള പ്രശ്നപരിഹാരം ഇനിയുമകലെയാണ്.
പതിറ്റാണ്ടുകളുടെ പ്രശ്നം; പരിഹാരം അകലെ
നഗരത്തിലെ വെളളക്കെട്ടിനും അനുബന്ധ പ്രശ്നങ്ങൾക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓടകളുടേയും മറ്റ് വെളളച്ചാലുകളുടേയും സമയബന്ധിതമായ നവീകരണവും അറ്റകുറ്റപണികളും നടക്കാത്തതാണ് ഇതിന് കാരണം. എന്നാൽ, പരാതി വ്യാപകമായതോടെയാണ് മുൻസർക്കാറിന്റെ കാലത്ത് ഓപറേഷൻ ബ്രേക്ക് ത്രൂ ആരംഭിച്ചത്.
പദ്ധതിക്ക് കീഴിൽ നഗരത്തിലെ ഓടകളും കാനകളും തോടുകളുമല്ലാം നവീകരിക്കുകയും ശചീകരിക്കുകയും ചെയ്യുന്ന പ്രവൃത്തികളാണ് നടന്നത്. എന്നാൽ, ഇത് പൂർണമായും യാഥാർഥ്യമായിട്ടില്ല. പദ്ധതി ആരംഭിച്ചതിന് ശേഷം വെളളക്കെട്ടിന്റെ തീവ്രത കുറഞ്ഞിട്ടുമുണ്ട്.
ശാപമോക്ഷം കാത്ത് കെ.എസ്.ആർ.ടി.സി
ഒരു മഴ പെയ്താൽ വെള്ളത്തിനടിയിലാകുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മെട്രോ നഗരിക്ക് അപമാനമായി മാറിയിട്ട് നാളുകളായി. ഒരുമഴ പെയ്താൽ തന്നെ സമീപത്തുളള ഓടകളും തോടുകളുമെല്ലാം ഒന്നായി സ്റ്റാൻഡ് മുങ്ങും. പരാതികൾ വ്യാപകമായതോടെ സ്റ്റാൻഡ് ഇവിടെനിന്നും മാറ്റി സ്ഥാപിക്കാനുളള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.നടപടി ക്രമങ്ങൾ പൂർത്തിയാക്കാനിനിയും വൈകുമെന്നതിനാൽ ഈ മഴക്കാലവും ഇവിടെയെത്തുന്നവർക്ക് ദുരിതകാലമാണ്.
ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി അധികൃതർ
കാലവർഷത്തിന് മുന്നോടിയായി നഗരത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. ഇതോടനുബന്ധിച്ചുളള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കെ.എസ്.ആർ.ടി.സിയിലടക്കം വെളളക്കെട്ടിന് ഒരു പരിധി വരെ പരിഹാരം കാണാനായിരുന്നു.
ഇതിന്റെ ചുവട് പിടിച്ചാണ് ഇക്കുറിയും പ്രവർത്തനം. മുല്ലശ്ശേരി കനാലിലടക്കം നവീകരണവും ശുചീകരണവും കാര്യക്ഷമമായാണ് നടക്കുന്നത്. വെള്ളക്കെട്ടിന് പൂർണ്ണമായും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് കോർപറേഷൻ സെക്രട്ടറി ചെൽസാസിനി പറഞ്ഞു. ഈ മാസം അവസാനത്തോടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.