തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: പോൾ കര: എന്താ നിങ്ങടെ പരിപാടി
text_fieldsആരാ നിങ്ങടെ നേതാവ്, എന്താ നിങ്ങടെ പരിപാടി?.... കേരളത്തിൽ ഒരുകാലത്ത് മുഴങ്ങിയ മുദ്രാവാക്യമാണിത്. പാർട്ടിയായാൽ തലക്ക് വെളിവുള്ള നേതാവ് വേണം. നേതാവ് മാത്രം പോരാ പാർട്ടിക്ക് ഒരുപരിപാടി അഥവാ ലക്ഷ്യമൊക്കെ വേണം. ചില പാർട്ടികൾ അവരുടെ ലക്ഷ്യം 'പാർട്ടി പരിപാടി' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രകടന പത്രിക പുറത്തിറക്കുക എന്നൊരു കീഴ്വഴക്കവും നാട്ടിൽ നിലനിൽക്കുന്നുണ്ട്. ഓരോ രാഷ്ട്രീയപാർട്ടികളും നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങളാണ് അവ എന്നാണ് സങ്കൽപം. പ്രകടന പത്രിക നടപ്പാക്കാനുള്ളതല്ല എന്ന് ഒരു മഹാൻ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഇന്ന് അദ്ദേഹം ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്തെവിടെയോ ഗവർണറാണ്. ആചാരലംഘനം ഉണ്ടാകാതിരിക്കാൻ ഇദ്ദേഹത്തിന്റെ പാർട്ടിയും പ്രകടന പത്രിക ഇറക്കാറുണ്ട്. നടപ്പാക്കാനല്ല... മറ്റുള്ളവർ തേങ്ങയുടയ്ക്കുമ്പോൾ ഇവടെ ഒരു ചിരട്ട ഉടയ്ക്കുന്നു അത്രേയുള്ളൂ. ചുമ്മാ ഒരു രസം...
ഉപതെരഞ്ഞെടുപ്പ് സർക്കാറിന്റെ ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പൊതുവെ പറയാറുണ്ട്. അതുകൊണ്ട് സർക്കാറിന്റെ നയവൈകല്യങ്ങൾ, വിലക്കയറ്റം, നികുതി വർധന, വികസന മുരടിപ്പ്, എന്തിനു റോഡിലെ കുഴിവരെ പ്രതിപക്ഷം ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരും. തൃക്കാക്കരയിലും ഇതൊക്കെ തന്നെയാണ് പൊതുവെ പാർട്ടികൾ ഉയർത്തുന്നത്.
അതിനിടെ നാട്ടുകാരെ മുഴുവൻ ഞെട്ടിച്ചാണ് ഭാരത ജനങ്ങളുടെ പാർട്ടി രംഗത്തെത്തിയത്. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം തൃക്കാക്കര മണ്ഡലത്തിൽ ചേർക്കണമെന്നാണ് അവരുടെ നേതാവിന്റെ ആവശ്യം.
തൃക്കാക്കര വാമനമൂർത്തിയുടെ ആഘോഷമാണ് തിരുവോണം എന്നും ചില രാഷ്ട്രീയ ഇടപെടൽ മൂലം ക്ഷേത്രം നിൽക്കുന്ന പ്രദേശം തൃക്കാക്കരയിൽനിന്ന് മാറ്റുകയായിരുന്നെന്നുമാണ് നേതാവിന്റെ വെളിപാട്. കളമശ്ശേരി മണ്ഡലത്തിലാണ് ഇപ്പോൾ അമ്പലം അത് ഗൂഢാലോചനയാണ് പോലും. കേട്ടാൽ തോന്നും ചില തൽപരകക്ഷികൾ വാമനമൂർത്തിയെ തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ പട്ടികയിൽനിന്ന് മാറ്റി കളമശ്ശേരിയിൽ ചേർക്കുകയായിരുന്നുവെന്ന്.
അല്ല ഇനി ദൈവങ്ങൾക്കെങ്ങാനും വോട്ടുണ്ടോ? പറഞ്ഞ നേതാവ് സൂപ്പറാണ്. നോട്ട് നിരോധിച്ചപ്പോൾ മൂന്നു ലക്ഷം കോടി ബാങ്കിൽ തിരിച്ചെത്തില്ലെന്നും 50 രൂപക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടുമെന്നൊക്കെ കണ്ടെത്തിയ മഹാനാണ്. നാട്ടിലിറങ്ങിയാൽ പെട്രോൾ വിലയെ കുറിച്ച് ചോദിക്കുന്നതുകൊണ്ടാണ് ദൈവത്തെ പിടിച്ചുള്ള ഈ സൈക്കോളജിക്കൽ മൂവ്. കഴിഞ്ഞ തെരഞ്ഞെടുപ്പായിരുന്നു ഇദ്ദേഹത്തിന്റെ പുഷ്കലകാലം. ഹെലികോപ്ടറിൽ പറന്നായിരുന്നു പ്രചാരണം. പക്ഷേ, നാട്ടുകാർ നിലം തൊടീച്ചില്ല.
പിന്നെ കുറച്ചുകുഴല് കുറച്ചു കുത്തിത്തിരിപ്പ് ഒക്കെയായി അങ്ങനെ ജീവിച്ചുപോകുന്നു. പറയുമ്പോ എല്ലാം പറയണമല്ലോ വാമനമൂർത്തി ക്ഷേത്രം നിൽക്കുന്ന കളമശ്ശേരി മുനിസിപ്പാലിറ്റി ഡിവിഷനിൽ നേതാവിന്റെ പാർട്ടിയാണ് ജയിച്ചത്. ബൈ ദ ബൈ ക്ഷേത്രം തൃക്കാക്കര നിയമസഭ മണ്ഡലത്തിലേക്ക് മാറ്റിയാൽ മണ്ഡലം കൂടെപ്പോരുമെന്നു ആരോ ഉപദേശം കൊടുത്തതാകാനാണ് സാധ്യത. പാർട്ടിയും പടവലങ്ങയും തമ്മിലുള്ള ബന്ധം ഇതിൽനിന്ന് വ്യക്തമാണല്ലോ.
അല്ലെങ്കിലും ദൈവങ്ങളെ വിട്ടൊരുകളി പാർട്ടിക്കില്ല. മുമ്പ് ഒരു 'സുവർണാവസരം' ലഭിച്ചിരുന്നു. അത് പാർട്ടി സമർഥമായി ഉപയോഗിച്ചു. ദൈവാനുഗ്രഹംകൊണ്ട് ഒന്നുമുതൽ പൂജ്യംവരെ എന്ന സിനിമപ്പേരുപോലെയായി പാർട്ടി. എന്നാലും ഉത്തരേന്ത്യൻ ലൈനാണ് പാർട്ടിക്ക് പ്രിയം. അറിയാൻമേലാഞ്ഞിട്ടു ചോദിക്കുവാ തൃക്കാക്കരയിൽ എന്താ നിങ്ങടെ പരിപാടി?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.