തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: പോൾകര; ഒരു പി.ആർ അപാരത
text_fieldsനാട്ടിലെന്തു പരിപാടിയും ഇപ്പോൾ നടത്തുന്നത് ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളും പബ്ലിക് റിലേഷൻ (പി.ആർ) കമ്പനികളുമാണ്. അത് കല്യാണമായാലും അടിയന്തരമായാലും. അവര് പറയുന്ന തുക അടച്ചുകഴിഞ്ഞാൽ പിന്നെ സ്വച്ഛന്ദ മൃത്യുവരിക്കേണ്ട കാര്യമേയുള്ളു. ബാക്കി എല്ലാം അവർനോക്കിക്കോളും. മരിച്ചയാൾ ഒന്നുമറിയേണ്ട, വീട്ടുകാരും. റീത്ത്, അനുശോചനം, പ്രമുഖരുടെ സന്ദർശനം എല്ലാം അവർ സെറ്റാക്കിക്കോളും.
കല്യാണമാണെങ്കിൽ സേവ് ദ ഡേറ്റ് മുതൽ കെട്ട്, സദ്യ, റിസപ്ഷൻ എന്നുവേണ്ട എല്ലാം അവർ നടത്തും. നാട്ടിൽ എന്തായാലും ഇപ്പോൾ കാര്യങ്ങൾ ഇങ്ങനാണ്. തെരഞ്ഞെടുപ്പ് ഒരു ഇവന്‍റാണ്. ആഘോഷമാണ്. (ആരുടെ കല്യാണം, ആരുടെ അടിയന്തരം എന്ന് ഫലം വരുമ്പോൾ അറിയാം). സ്ഥാനാർഥിയെ നിർണയിച്ച് കൈമാറിയാൽ പി.ആർ ഗ്രൂപ്പുകാർ പണിതുടങ്ങും. ചിത്രങ്ങളും അപദാനങ്ങളും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞൊഴുകും. ഏതായാലും 80 വയസ്സിൽ കൂടുതലുള്ള അമ്മൂമ്മ നിർബന്ധമാണ്. അമ്മൂമ്മയുടെ അനുഗ്രഹമാണ് മെയിൻ. തലയിൽ കൈവെച്ച് ആശീർവദിക്കണം. ഇല്ലെങ്കിൽ പി.ആറുകാർ കൈവെച്ച് അനുഗ്രഹിപ്പിക്കും. പിന്നെ സ്വീകരണസ്ഥലത്തെ വന്ദ്യവയോധികൻ ഉപ്പുസത്യഗ്രഹം നടന്ന കടൽതീരത്തുകൂടി നടന്നിട്ടുണ്ടെന്നോ, പുന്നപ്ര വയലാർ സമരത്തിലെ വെടികൊണ്ട തെങ്ങിലെ ഓല കണ്ടിട്ടുണ്ടെന്നോ ഒക്കെ പി.ആർ സംഘം കണ്ടെത്തി മാലോകരെ അറിയിക്കും.
രോഗികളുടെ പൾസ് നോക്കി വൈറ്റമിൻ ഗുളികയെങ്കിലും കുറിപ്പിക്കും. സ്ഥാനാർഥി സൈക്കിൾ ചവിട്ടിയതും പുളിതിന്നതും പുളിപ്പുകൊണ്ട് കണ്ണിറുക്കിയതും ഒക്കെ സംഘം വിസ്തരിച്ചെഴുതും. സഥാനാർഥി ചിരിച്ചപ്പോൾ മുത്തുപൊഴിഞ്ഞെന്നു കേട്ടാലും ഞെട്ടരുത്. പി. ആറുകാരുടെ ഭാവനയും കലാവാസനയും പൂത്തുലയുന്ന കാലമാണിത്. വോട്ടുതേടിച്ചെന്നപ്പോൾ അത്തറുകാരനെ കണ്ടത്രേ. രണ്ടു കുട്ടികൾക്ക് അത്തർ വാങ്ങി നൽകിപോലും. വോട്ടിന്‍റെ നറുമണം അവിടെയാകെ നിറഞ്ഞൊഴുകിയത്രേ. ഹാ!.
നാട്ടുകാർക്കൊക്കെ നല്ല സമാർട്ട്ഫോണുണ്ട്. വോട്ടുതേടി പോകുന്നിടത്തൊക്കെ എല്ലാ പാർട്ടിക്കാരുമുണ്ട്. അതുകൊണ്ട് എല്ലാ സ്ഥാനാർഥികളുടെയും ഈ വക കസർത്തുകളൊക്കെ അപ്പപ്പോൾ നാട്ടുകാരുടെ ഫോണിലെത്തും. ഈശ്വരാ ഭഗവാനെ പി.ആറുകാർക്ക് നല്ലതുമാത്രം വരുത്തണേ. നാട്ടുകാരെക്കുറിച്ച് ഇവർ എന്തൊക്കെയാണാവോ ധരിച്ചുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.