പോളിങിൽ നഗര, നാട്ടിൻപുറ ഏറ്റക്കുറച്ചിൽ: ജയിക്കുമെന്ന് ഇരുമുന്നണികളുടെയും അവകാശവാദം
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കൂടിയ വോട്ടും കുറഞ്ഞ വോട്ടും വീണ പോളിങ് ബൂത്തുകൾ വ്യക്തമാക്കുന്നത് പോളിങ് ശതമാനത്തിലെ നഗര, നാട്ടിൻപുറ വ്യത്യാസം.
കാക്കനാട് ടൗണിൽനിന്ന് നാലു കിലോമീറ്റർ അകലെ തെങ്ങോട് ഗവ. യു.പി.എസിലെ 150ാം നമ്പർ ബൂത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് -83.30 ശതമാനം. കുറഞ്ഞ പോളിങ് കടവന്ത്ര എളംകുളം വില്ലേജ് ഓഫിസിലെ 91ാം നമ്പർ ബൂത്തിലും -49.57 ശതമാനം. കോർപറേഷൻ ഡിവിഷനുകളിൽ കുറഞ്ഞ പോളിങ് നടന്നപ്പോൾ തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ വാർഡുകളിൽ കൂടിയ വോട്ടു വീണു.
ചിറ്റേത്തുകര നുസ്രത്തുൽ ഇസ്ലാം ബൂത്തിൽ 80.14 ശതമാനമാണ് വോട്ടുകൾ. പോണേക്കര, ചളിക്കവട്ടം, പൊന്നുരുന്നി, വൈറ്റില, തൃക്കാക്കര, തെങ്ങോട് ഭാഗങ്ങളിലാണ് കൂടിയ പോളിങ് നടന്നത്. 149 മുതൽ 155 വരെയുള്ള ബൂത്തുകളിൽ 79 ശതമാനം മുതൽ 83 ശതമാനം വരെ വോട്ടുകൾ ലഭിച്ചു. ഇടപ്പള്ളി സെന്‍റ് ജോർജ് എൽ.പി.എസിൽ 58.90 ശതമാനം, ദേവൻകുളങ്ങര കാമ്പയിൻ സ്കൂളിലെ ബൂത്തിൽ 58.76 ശതമാനം, ഇടപ്പള്ളി ഗവ. ഹൈസ്കൂളിലെ 17ാം നമ്പർ ബൂത്തിൽ 53.78 ശതമാനം, കടവന്ത്ര ഗിരിനഗർ എൽ.പി.എസിൽ 51.14 ശതമാനം എന്നിങ്ങനെ കുറഞ്ഞ വോട്ടാണ് പോൾ ചെയ്തത്.
2021ലെ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 സ്ഥാനാർഥിക്ക് 100 വോട്ടിന് മേൽ വോട്ടുകൾ ലഭിച്ച ബൂത്തുകൾ കാക്കനാട് സെന്‍റ് ജോസഫ്സ് എൽ.പി.എസ്, അയ്യനാട്, തുതിയൂർ സെന്‍റ് മേരീസ്, അമലപുരം കൊല്ലംകുടിമുകൾ എന്നിവിടങ്ങളിലാണ്. ഇതിൽ പലയിടത്തും കഴിഞ്ഞ തവണത്തെ വോട്ടിങ് ശതമാനം തന്നെയാണ് ഇക്കുറിയും.
ഇടതുപക്ഷ കേന്ദ്രങ്ങളിൽ മികച്ച പോളിങ് നടന്നിട്ടുണ്ടെന്ന വിലയിരുത്തലാണ് മുന്നണി നേതാക്കൾ പങ്കുവെക്കുന്നത്. തങ്ങളുടെ വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും അവർ വിലയിരുത്തുന്നു. 2021ലെ തെരഞ്ഞെടുപ്പിൽനിന്ന് 1.62 ശതമാനം വോട്ടുകൾ കുറഞ്ഞത് തങ്ങൾക്ക് ദോഷകരമാകില്ലെന്ന നിലപാടും അവർ വ്യക്തമാക്കി. അട്ടിമറി വിജയം മണ്ഡലത്തിൽ നേടുമെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും വലിയ അവകാശവാദങ്ങളിൽനിന്ന് പിന്നോട്ടുപോകുന്നു.
പോളിങിൽ വന്നത് നേരിയ കുറവാണെന്നും അത് വിജയത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നുമുള്ള ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എങ്കിലും എത്ര വോട്ടിന് ജയിക്കുമെന്ന അന്വേഷണങ്ങൾക്ക് മുന്നിൽ വ്യക്തമായ ഉത്തരമില്ല. പലവിധ വിഷയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ചർച്ചയായെങ്കിലും അവസാനം പി.ടി. തോമസ് എന്ന വികാരം തന്നെ മേൽക്കൈ നേടിയിട്ടുണ്ടെന്നും അത് തങ്ങളുടെ വിജയത്തിലേക്ക് എത്തിക്കുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.