പെരുമഴപോലെ തുടക്കം; കുറഞ്ഞ ശതമാനത്തിലേക്ക് ഇറക്കം
text_fieldsകൊച്ചി: മണിക്കൂറുകൾ നീണ്ട പെരുമഴ നേർത്ത് തോർന്നൊഴിഞ്ഞത് പോലെയായിരുന്നു തൃക്കാക്കരയിലെ പോളിങ്. റെക്കോഡിലേക്ക് കുതിക്കുന്ന സൂചനകൾ നൽകി കുതിച്ചും ഉച്ചകഴിഞ്ഞതോടെ പതുങ്ങിയുമായിരുന്നു പോളിങ്ങിന്‍റെ ഗതി. ആവേശത്തോടെ തുടങ്ങിയ പോളിങ് ആറുമണിക്ക് അവസാനിക്കുമ്പോൾ കഴിഞ്ഞ മൂന്ന് പൊതുതെരഞ്ഞെടുപ്പിലെ ശതമാനക്കണക്കിനൊപ്പമെത്താനാവാതെ 68.75 ശതമാനത്തിലൊതുങ്ങി.
മണ്ഡലത്തിൽ ഇതുവരെയുള്ള ഉയർന്ന പോളിങ് റെക്കോഡുകൾ തകർക്കുന്ന വിധമായിരുന്നു രാവിലെ മുതൽ പോളിങ് മുന്നേറിയത്. ദിവസം മുഴുവൻ തെളിഞ്ഞ കാലാവസ്ഥ നിലനിന്നത് മുന്നണികൾക്ക് പ്രതീക്ഷ നൽകുകയും ചെയ്തു. എന്നാൽ, വോട്ടെടുപ്പ് പൂർത്തിയായപ്പോൾ മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങിലേക്കൊതുങ്ങി.
രാവിലെ മിക്കവാറും ബൂത്തുകളിൽ നീണ്ടനിരയാണ് ഉണ്ടായിരുന്നത്. ഉച്ചക്കുശേഷം പല ബൂത്തിലും തിരക്ക് നന്നേ കുറഞ്ഞു. നാലും ആറും എട്ടും ബൂത്തുകൾ വീതമുണ്ടായിരുന്ന ചില പോളിങ് കേന്ദ്രങ്ങൾ മാത്രമാണ് ഉച്ചക്ക് ശേഷം അൽപമെങ്കിലും സജീവമായിരുന്നത്.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടിങ് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും 8.15 ശതമാനം പേർ വോട്ട് ചെയ്തു. ഒമ്പതോടെ 15.93ഉം പത്തുവരെ 23.79 ശതമാനവുമായിരുന്നു പോളിങ്. രാവിലെ 11 വരെ 31.62, 12 വരെ 39.31 എന്നിങ്ങനെയായിരുന്നു പോളിങ്. ഉച്ചക്ക് ഒന്നാകുമ്പോഴേക്കും 45.77 ശതമാനം എന്ന നിലയിലേക്ക് എത്തി. 48 ശതമാനം പുരുഷന്മാരും 43 ശതമാനം സ്ത്രീകളുമാണ് ഈ ആറ് മണിക്കൂറിനിടയിൽ വോട്ട് ചെയ്തത്. ഉച്ചക്ക് ഒരു മണി വരെ മണിക്കൂറിൽ ഏഴുമുതൽ ഒമ്പതുവരെ ശതമാനമെന്ന നിലയിൽ കുതിച്ച പോളിങ് ഉച്ചക്കുശേഷം മന്ദഗതിയിലായി.
ഉച്ചക്ക് രണ്ടിനുമുമ്പുതന്നെ 50 ശതമാനം പിന്നിട്ടെങ്കിലും ഒരു മണി മുതൽ ആറുവരെയുള്ള അഞ്ച് മണിക്കൂറിനകം വർധിച്ചത് 22.98 ശതമാനം മാത്രം. 66.78 ശതമാനമായിരുന്നു അഞ്ചുവരെയുള്ള പോളിങ്. ശേഷിക്കുന്ന അവസാന ഒരു മണിക്കൂറിൽ 1.97 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. സാധാരണ അവസാന ഒരു മണിക്കൂറിൽ കനത്ത പോളിങ് നടക്കാറുള്ളതാണെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇത് പ്രകടമായില്ല. സ്ത്രീ വോട്ടർമാരാണ് മണ്ഡലത്തിൽ കൂടുതലുള്ളതെങ്കിലും പതിവുപോലെ പോളിങ്ങിൽ മുന്നിൽനിന്നത് പുരുഷന്മാരാണ്. 34.52 ശതമാനം പുരുഷന്മാരും (32,897പേർ) 28.82 ശതമാനം സ്ത്രീകളും (29,271പേർ) ആദ്യ മൂന്നു മണിക്കൂറിൽ വോട്ട് ചെയ്തു. ആകെ 239 ബൂത്തുള്ളതിൽ ഏറ്റവുമധികം പേർ വോട്ട് ചെയ്തത് തെങ്ങോട് ഗവ. യു.പി സ്കൂളിലെ ബൂത്തിലാണ്. 83.30 ശതമാനം. വൈറ്റില റൈസ് റിസർച് സെന്‍ററിലെ ഒരു ബൂത്ത് 81.51 ശതമാനം വോട്ടിങ്ങുമായി തൊട്ടുപിന്നിലുണ്ട്.
അതേസമയം, 51.14 ശതമാനം പേർ മാത്രം വോട്ട് ചെയ്ത ഗിരിനഗർ എൽ.പി സ്കൂൾ ബൂത്താണ് ഏറ്റവും പിന്നിൽ. ഇടപ്പള്ളി ഗവ. ഹൈസ്കൂൾ ബൂത്തിലും 53.78 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്തത്. ശതമാനക്കണക്കിൽ മാറ്റം വന്നാലും വലിയതോതിലുള്ള വ്യത്യാസമുണ്ടാകാനുള്ള സാധ്യത കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.