പ്രായത്തിലെന്ത് കാര്യം, വോട്ടാണ് ഇവർക്ക് മുഖ്യം
text_fields1. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വാഴക്കാല അയ്യനാട് എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്ന ചെറുമുട്ടത്ത് ത്രേസ്യക്കുട്ടി, 2. വെണ്ണല ജി.എച്ച്.എസ്.എസിൽ വോട്ട് രേഖപ്പെടുത്തിയശേഷം കൈയിലെ മഷി കാണിക്കുന്ന 97 കാരി വി. സുഭദ്ര, 3. കാക്കനാട് എം.എ.എച്ച് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം കൈയിലെ മഷി കാണിക്കുന്ന കമലാക്ഷിയമ്മ
കൊച്ചി: പ്രായത്തിന്‍റെ അവശതകളെല്ലാം മാറ്റിവെച്ച് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയവർ നിരവധി. തെരഞ്ഞെടുപ്പ് ആവേശം അതേപടി പകർത്തിയെത്തിയ ഇവർക്ക് ബൂത്തുകളിൽ വരിനിൽക്കാതെതന്നെ വോട്ടുചെയ്യാനും സൗകര്യം ലഭിച്ചു.
''വോട്ടുചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. ആർക്കാണ് വോട്ട് ചെയ്തതെന്ന് പറയില്ല'' -എൻ.ജി.ഒ ക്വാർട്ടേഴ്സിലെ അംഗൻവാടിയിൽ വോട്ട് ചെയ്തിറങ്ങിയ 108 വയസ്സുകാരി ആസിയ ഉമ്മ പറയുന്നു. മക്കളും മരുമക്കളും ഒക്കെയായിട്ടായിരുന്നു ഉമ്മയുടെ വരവ്. പടമുകൾ കുന്നുംപുറം നെയ്തേലിയിൽ പരേതനായ അഹമ്മദിന്‍റെ ഭാര്യയാണ്. ഇനിയും വോട്ടുചെയ്യണമെന്ന ആഗ്രഹവുമായാണ് അവരുടെ മടക്കം.
കാക്കനാട് എം.എ.എച്ച്.എസ് സ്കൂളിൽ ഉച്ചക്ക് 12ഓടെ വോട്ടുചെയ്യാൻ എത്തിയ കാർത്യായനിക്ക് പടികയറാൻ രണ്ടുമൂന്നുപേർ പിടിക്കണം. എങ്കിലും വോട്ടുചെയ്യാൻ കഴിഞ്ഞതിന്‍റെ സന്തോഷം മുഖത്തുണ്ട്. പ്രായം എത്രയുണ്ടെന്ന ചോദ്യത്തിന് ചടുലമായി ''ഐയാം 74 ഇയേഴ്സ് ഓൾഡ്'' എന്ന് മറുപടി. കാക്കനാട് പൊയ്യച്ചിറ ദർശൻ നഗറിലെ താമസക്കാരിയായ അവർക്ക് വരുമാന മാർഗം കെട്ടിടം പണിയായിരുന്നു. 98കാരിയായ നിലംപതിഞ്ഞിമുകൾ സ്വദേശിനി കമലാക്ഷിയും ഈ ബൂത്തിൽ വോട്ടുചെയ്തിറങ്ങി.''ഈ സ്കൂളിൽനിന്ന് 37 വർഷം മുമ്പ് പ്യൂണായി പെൻഷൻ പറ്റിയതാണ് ഞാൻ. വോട്ടുചെയ്യാൻ സ്കൂളിൽ എത്തുന്നതുതന്നെ സന്തോഷമാണ്.
അന്ന് ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്'' -97കാരിയായ വെണ്ണല കൊളാപ്പള്ളിൽ സുഭദ്ര പറയുന്നു. വെണ്ണല എച്ച്.എസ് സ്കൂളിന്‍റെ വരാന്തയിലിരുന്ന് വോട്ടുവിശേഷം പങ്കുവെച്ചു അവർ. മകൻ വേണുഗോപാലിനും ബന്ധു റീജക്കും ഒപ്പമാണ് സുഭദ്ര ബൂത്തിലേക്ക് വന്നത്.
കാക്കനാട് അയ്യനാട് എൽ.പി സ്കൂളിൽ വോട്ടുചെയ്തിറങ്ങിയ കെന്നഡിമുക്ക് കാട്ടിപറമ്പിൽ വീട്ടിൽ 85കാരി മാതുവിനും വോട്ടുചെയ്തിറങ്ങിയപ്പോൾ സന്തോഷം. കോവിഡ് കാലത്ത് പ്രായമായവർക്ക് വീട്ടിൽ വോട്ടുചെയ്യാൻ സൗകര്യം ലഭിച്ചിരുന്നു. ഇക്കുറി പോളിങ് ബൂത്തിൽ എത്തിയപ്പോൾ നാട്ടുകാരെയും സ്വന്തക്കാരെയും കാണാനും മിണ്ടാനും കൂടി കഴിഞ്ഞതിന്‍റെ സന്തോഷവും പങ്കുവെച്ചാണ് ഇവരെല്ലാം മടങ്ങിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.