പ്രചാരണത്തിന് ഡോസ് കൂട്ടാനൊരുങ്ങി ജോ ജോസഫ്; പുതുവഴിയിൽ മുന്നോട്ട് ഉമ തോമസ്
text_fieldsകാക്കനാട്: വിവിധ ആരാധന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയായിരുന്നു തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് ഞായറാഴ്ച പ്രചാരണം ആരംഭിച്ചത്.
ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളി, പോണേക്കര സെന്റ് ഫ്രാൻസിസ് സേവിയർ ദേവാലയം എന്നിവിടങ്ങൾ സന്ദർശിച്ച് വോട്ടും പിന്തുണയും അഭ്യർഥിച്ചു. മുൻ അഡ്വക്കറ്റ് ജനറൽ സി. പി. സുധാകര പ്രസാദിെൻറയും ചലച്ചിത്ര നടൻ ശങ്കറിെൻറ മാതാവിെൻറയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കാക്കനാട് മേഖലയിലായിരുന്നു ഞായറാഴ്ച പ്രധാനമായും പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയത്. വീടുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ചു. വോട്ടർമാരെ നേരിൽ കണ്ട് വിശേഷങ്ങൾ പങ്കുവെച്ചാണ് പ്രചാരണം. വാഴക്കാലയിൽ സ്ഥാനാർഥിയുടെ വീടിന് സമീപമുള്ള വീടുകളിലും പ്രചാരണം നടത്തി. പിന്നീട് തൃക്കാക്കരയിലെ വിവിധ കൺവെൻഷനുകളിലും പങ്കെടുത്തു. മന്ത്രി കെ. രാജൻ, എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, എ.എൻ. ഷംസീർ തുടങ്ങിയവർ പങ്കെടുത്തു. തിങ്കളാഴ്ച മുതൽ പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് എൽ.ഡി.എഫ് തീരുമാനം.
പുതുവഴിയിൽ മുന്നോട്ട് ഉമ തോമസ്
കാക്കനാട്: പ്രചാരണത്തിൽ പുതുവഴിവെട്ടിയാണ് ഓരോ ദിവസവും യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് മുന്നോട്ട് പോകുന്നത്. പി.ടിയോടുള്ള മണ്ഡത്തിലെ ജനങ്ങളുടെ വൈകാരിക അടുപ്പം പരമാവധി വേട്ടായി മാറ്റാനാണ് ലക്ഷ്യം. തൃക്കാക്കര മേഖലയിലെ പ്രചാരണത്തോടെയായിരുന്നു ഞായറാഴ്ച പര്യടനം ആരംഭിച്ചത്.
സെന്റ് മൈക്കിൾസ് പള്ളി, അഡോറേഷൻ മൊണാസ്ട്രി, തുതിയൂർ പള്ളി, സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി, പ്രതീക്ഷ ഭവൻ, ആവിലാഭവൻ എന്നിവിടങ്ങൾ സന്ദർശിച്ച് പിന്തുണ തേടി. തുടർന്ന് ചെമ്പുമുക്ക്, ജേണലിസ്റ്റ് കോളനി ഭാഗങ്ങളിലെ ഫ്ലാറ്റുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വോട്ടഭ്യർഥന നടത്തി. പ്രചാരണത്തിനിടെ എറണാകുളം മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥികളുടെ യോഗത്തിലും പങ്കെടുത്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജോസഫ് ആന്റണി എന്നിവർ കൂടെ ഉണ്ടായിരുന്നു. ചലച്ചിത്രനടൻ ശങ്കറിെൻറ മാതാവ് സുലോചന പണിക്കരുടെയും അന്തരിച്ച മുൻ അഡ്വക്കറ്റ് ജനറൽ സുധാകര പ്രസാദിന്റെയും ഭൗതികശരീരത്തിന് ആദരാഞ്ജലികളർപ്പിച്ചു.
പിന്നീട് കൊച്ചി കോർപറേഷനിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 62ാം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി അനിത വാര്യരുടെ റോഡ് ഷോയിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ എന്നിവരും ഒപ്പമുണ്ടായി. ചിറ്റേത്തുകര ഭാഗത്തായിരുന്നു വൈകുന്നേരത്തെ പര്യടനം. ലീഗ് നേതാവ് ബഷീറലി ഷിഹാബ് തങ്ങൾ ഉമക്ക് വേണ്ടി വോട്ടു തേടിയെത്തിയിരുന്നു. ചിറ്റേത്തുകര ജുമുഅ മസ്ജിദിന് സമീപം സ്ഥാനാർഥിക്കൊപ്പം ഗൃഹസന്ദർശനത്തിന് യു.ഡി.എഫ് കൺവീണർ എം.എം. ഹസനുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.