വഴിനീളെ മാലിന്യം; രോഗ ഭീതിയിൽ നാട്
text_fieldsമട്ടാഞ്ചേരി: തെരുവുകളിൽ മാലിന്യം നിറയുന്നത് സാംക്രമികരോഗ ഭീതി ഉയർത്തുന്നു. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകൾ, ആൾസഞ്ചാരം കുറഞ്ഞ റോഡുകൾ എന്നിവിടങ്ങളിൽ മാലിന്യം കുന്നുപോലെ കൂടുകയാണ്. മാലിന്യ നീക്കത്തിൽ നഗരസഭ പരാജയമാണെന്ന് തെളിയിക്കുന്ന കാഴ്ചകളാണ് കൊച്ചിയിലെ ഓരോ തെരുവോരങ്ങളിലും കാണുന്നത്. വീടുകളിൽനിന്നുള്ള മാലിന്യശേഖരണം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പ്ലാസ്റ്റിക് മാലിന്യം വീടുകളിൽനിന്നും ശേഖരിക്കുന്ന നടപടികൾ ചില ഡിവിഷനുകളിൽ മാത്രമേ ആരംഭിച്ചിട്ടുള്ളൂ. ഇതോടെ വീടുകളിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി. ചിലർ പ്ലാസ്റ്റിക് കത്തിക്കുകയാണ്. നല്ലൊരു വിഭാഗം കിറ്റുകളിലാക്കി റോഡിലേക്ക് വലിച്ചെറിയുന്നുമുണ്ട്. മത്സ്യ, മാംസ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം ചീഞ്ഞുനാറുകയാണ്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് മാലിന്യനീക്കം സ്തംഭിച്ചെന്ന് തെളിയിക്കുന്ന കാഴ്ചകളാണ് ഓരോ തെരുവിലും ദൃശ്യമാകുന്നത്.
ഇതിനിടെ ശുചീകരണ തൊഴിലാളികൾ ചിലയിടങ്ങളിൽ വഴിയോരങ്ങളിലെ മാലിന്യം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഏറെ ബുദ്ധിമുട്ട് ഏറിയ പ്രക്രിയ അഴുകിക്കിടക്കുന്ന മാലിന്യത്തിൽനിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കുകയെന്നതാണ്. അടിയന്തര പ്രാധാന്യം നൽകി തെരുവുകളിലെ മാലിന്യം നീക്കംചെയ്തില്ലെങ്കിൽ സാംക്രമികരോഗങ്ങൾ പടരാൻ കാരണമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
‘അധികാരികൾ പൂർണ പരാജയം’
കൊച്ചി: നഗരസഭ അധികാരികൾ മാലിന്യനീക്കത്തിൽ പൂർണ പരാജയമെന്ന് തെളിയിക്കുകയാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ. നാളിതുവരെ ഇത്തരത്തിൽ ഒരു സ്ഥിതി ഉണ്ടായിട്ടില്ല. കൊച്ചി നഗരസഭയുടെ ഭാഗത്തുനിന്നുള്ള വലിയൊരു വീഴ്ചയാണിത്.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് മാലിന്യനീക്കം സ്തംഭിച്ചിരിക്കുകയാണ് എന്ന് തെളിയിക്കുന്ന കാഴ്ചയാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെ വഴികളിലും ഇടറോഡുകളിലും പൊതുയിടങ്ങളിലും കാണുന്ന മാലിന്യക്കൂമ്പാരം. ഇത്തരത്തിൽ മാലിന്യം റോഡുകളിൽ കുന്നുകൂടി കഴിഞ്ഞാൽ ഇതിന്റെ ഭവിഷ്യത്ത് ഭയാനകരമായിരിക്കും.
മാലിന്യ സംസ്കരണം കൃത്യമായി നടത്തിയില്ലെങ്കിൽ കൊച്ചി നഗരത്തെ ഒന്നടങ്കം വിഴുങ്ങുന്ന രീതിയിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമെന്നും ആന്റണി കുരീത്തറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.