വേലിയേറ്റത്തിൽ വലഞ്ഞ് താന്തോണിത്തുരുത്തുകാർ
text_fieldsകൊച്ചി: വൃശ്ചിക വേലിയേറ്റത്തെ തുടർന്ന് താന്തോണിതുരുത്തുകാർ ദുരിതക്കയത്തിൽ. വേലിയേറ്റത്തെ തുടർന്ന് കൊച്ചിക്കായലിന്റെ തീരത്ത് താമസിക്കുന്ന ഇവിടത്തെ 62 കുടുംബങ്ങളിലാണ് വെള്ളം കയറിയത്. തിങ്കഴാഴ്ച പുലർച്ചെ ഒരുമണിയോടെ കായൽ കവിഞ്ഞെത്തിയ വെള്ളം പതിയെ ഉയരുകയായിരുന്നു. വേലിയേറ്റ സൂചനയുളളതിനാൽ പ്രദേശവാസികൾ ഉറക്കമിളച്ച് കാവലിരുന്നതിനെ തുടർന്ന് മറ്റ് അനിഷ്ട സംഭവങ്ങളുണ്ടായില്ല.
എന്നാൽ പല വീടുകളിലെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റ് വീട്ടുസാമഗ്രികളും വെള്ളത്തിൽ നശിച്ചു. പുലർച്ചെ നാലോടെയാണ് വീടുകളിൽ നിന്ന് വെള്ളമിറങ്ങിയത്. ഇതോടെ വീടുകളിൽ അടിഞ്ഞ ചെളിയും മാലിന്യങ്ങളും നീക്കുന്ന തിരക്കിലായിരുന്നു തുരുത്തിലെ കുടുംബങ്ങൾ.
വേലിയേറ്റ കാലം ഇവർക്ക് ദുരിത കാലം
വൃശ്ചിക വേലിയേറ്റം നടക്കുന്ന നവംബർ മുതൽ ജനുവരി വരെയുളള മാസങ്ങൾ ഇവർക്ക് ദുരിതകാലമാണ്. തുടർച്ചയായ ദിവസങ്ങളിൽ ദുരിതം വിതച്ച് വീടുകളിൽ വെളളമെത്തുന്നതാണ് കാരണം.
മത്സ്യ ബന്ധനം ഉപജീവനമാക്കിയ ഇവർ ഇതോടെ തൊഴിലുപേക്ഷിച്ചും വീടുകളിൽ കഴിയേണ്ട സാഹചര്യം വന്നുചേരും. രാത്രി ഉറക്കമിളച്ച് വെളളത്തിന്റെ വരവ് കാത്തിരിക്കുന്നതോടൊപ്പം വെളളമിറങ്ങിയശേഷമുളള ശുചീകരണമടക്കമുളള കാര്യങ്ങളും ഇവർക്ക് തലവേദനയാണ്. വേലിയേറ്റത്തിന് പുറമേ കാലവർഷത്തോടനുബന്ധിച്ചെത്തുന്ന മഴയും വെളളക്കെട്ടും സൃഷ്ടിക്കുന്ന പ്രതിസന്ധിയും ഏറെയാണ്.
പതിറ്റാണ്ടുകൾ നീണ്ട ദുരിതം പരിഹരിക്കാതെ അധികൃതർ
കൊച്ചി നഗരത്തിൽ നിന്ന് വിളിപ്പാടകലെ മാത്രമാണ് താന്തോണിത്തുരുത്ത് വാസികളുടെ താമസം. കോർപ്പറേഷൻ 74ാം ഡിവിഷനിൽപ്പെടുന്ന ഇവിടെ 62 കുടുംബങ്ങളാണ് താമസം. കായലാൽ ചുറ്റപ്പെട്ട ഇവർക്ക് സംരക്ഷണമായി ചുറ്റുമതിലും പാലവും വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അടിക്കടിയുണ്ടാകുന്ന വേലിയേറ്റക്കെടുതികളിൽ നിന്ന് പ്രദേശവാസികളെ സംരക്ഷിക്കുന്നതിനാണ് ചുറ്റുമതിൽ. നഗരവുമായുളള ഗതാഗത ബന്ധം സുഗമമാക്കുന്നതിനാണ് പാലമെന്ന ആവശ്യം. എന്നാൽ രണ്ട് ആവശ്യങ്ങളിലും പരിഹാരമുണ്ടാക്കാൻ അധികൃതർക്കായില്ല.
ബണ്ട് നിർമാണത്തിനായി വർഷങ്ങൾക്ക് മുമ്പ് ‘ജിഡ’ ആറ് കോടി അനുവദിച്ചതായി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. അന്ന് ആറ് കോടി കണക്കാക്കിയിരുന്ന ബണ്ടിന് ഇപ്പോൾ കണക്കാക്കുന്ന ചെലവ് 15 കോടിയോളം വരും. അധികൃതരുടെയും മാറി വരുന്ന സർക്കാറുകളുടേയും അവഗണനയുടെ ഇരകളായി മാറുകയാണ് ഈ കുടുംബങ്ങൾ. ഇതിനെതിരെ സമരമുഖം തുറക്കാനുളള തീരുമാനത്തിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.