ജിഡ ഓഫിസിൽ പ്രതിഷേധവുമായി താന്തോണി തുരുത്തുകാർ
text_fieldsകൊച്ചി: ദുരിത ജീവിതത്തിനറുതി തേടി വീണ്ടും ജിഡ ഓഫിസിലെത്തി താന്തോണി തുരുത്തുകാർ. കൊച്ചി നഗരത്തിൽനിന്ന് വിളിപ്പാടകലെയുളള തുരുത്തിൽ വേലിയേറ്റം പതിവായതോടെ പ്രദേശവാസികൾ ചൊവ്വാഴ്ച പുലർച്ച മൂന്നുമുതൽ വളളത്തിലും മറ്റുമായി ജിഡ ഓഫിസിൽ എത്തുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാത്രികാലങ്ങളിൽ ഇരച്ചെത്തിയ കായൽ വെളളം ഇവർക്ക് തീരാദുരിതമാണ് നൽകിയത്. കായൽ വെളളത്തിൽനിന്ന് സംരക്ഷണമേകാൻ സംരക്ഷണ ഭിത്തി കെട്ടുന്നതിനുളള പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നതാണ് ഇവരുടെ ആവശ്യം.
ഒരു പതിറ്റാണ്ട് മുമ്പ് ഫണ്ട് അനുവദിച്ച പദ്ധതി ഇപ്പോഴും ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുകയാണെന്നും ഇത് ജിഡ അധികൃതരുടെ അനാസ്ഥയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാതെ പിരിഞ്ഞുപോകില്ലെന്ന പ്രഖ്യാപനം കൂടിയായതോടെ അധികൃതർ വെട്ടിലായി. പ്രതിഷേധം രൂക്ഷമായതോടെ രാവിലെ എട്ടരയോടെ സ്ഥലം എം.എൽ.എ ടി.ജെ. വിനോദ് സമരക്കാർക്ക് മുന്നിലെത്തി.
ഒമ്പതരയോടെയാണ് ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷും എത്തി പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും സമരം അവസാനിപ്പിക്കാൻ നാട്ടുകാർ തയാറായില്ല.
തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട സാങ്കേതികത്വങ്ങളാണ് പ്രശ്നമാകുന്നതെന്നാണ് അധികൃതർ വിശദീകരിച്ചത്. തുടർന്ന് ഇത് പരിഹരിക്കാൻ ബുധനാഴ്ച വിവിധ വകുപ്പുകളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് യോഗം വിളിക്കാമെന്ന് കലക്ടർ ഉറപ്പ് നൽകി. സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതോടെ താന്തോണിതുരുത്തുകാരുടെ കാലങ്ങളായുളള ആവശ്യങ്ങൾക്ക് പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, കരാർ വരെ നൽകിയ പ്രവൃത്തിയിൽ പിന്നെ എങ്ങനെയാണ് സാങ്കേതികത്വം പ്രശ്നമാകുന്നതെന്നാണ് താന്തോണിതുരുത്തുകാരുടെ ചോദ്യം. എം.എൽ.എയും കലക്ടറും മടങ്ങിയ ശേഷം ഒരു മണി വരെ പ്രതിഷേധം തുടർന്ന അവർ ജിഡ സെക്രട്ടറിക്ക് നിവേദനവും നൽകിയാണ് മടങ്ങിയത്. ബുധനാഴ്ചത്തെ യോഗത്തിൽ തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.