മുക്കന്നൂരിൽ വീട്ടുമുറ്റത്ത് പുലി
text_fieldsഅങ്കമാലി: ഏഴാറ്റുമുഖം വനമേഖലയുമായി ബന്ധപ്പെട്ട മൂക്കന്നൂർ പഞ്ചായത്തിലെ ഒലിവ് മൗണ്ട് ഭാഗത്ത് അർധരാത്രി വീടിന് മുറ്റത്ത് പുലിയിറങ്ങി. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ജനവാസകേന്ദ്രമായ ഒലിവ് മൗണ്ടിലെ ആഞ്ഞിലിക്കൽ സിജു ഫ്രാൻസിസിന്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം രാത്രിയിൽ പുലി ഇറങ്ങിയതായി സി.സി ടി.വി ദൃശ്യങ്ങളിൽ കണ്ടത്. അർധരാത്രി പുലിയുടെ ചിത്രം കാമറയിൽ പതിഞ്ഞതോടെ നാട്ടുകാർ പുലിപ്പേടിയിലായിരിക്കുകയാണ്.
വീടിനുമുന്നിൽ അൽപനേരം നിലയുറപ്പിച്ച പുലി നായുടെ കുരച്ചിൽ കേട്ടിട്ടാകാം, ഓടിമറയുന്ന ദൃശ്യവും കാമറയിൽ പതിഞ്ഞിട്ടുണ്ട്. രാത്രി 11ഓടെയാണ് പുലി വന്നത്. സിജുവും കുടുംബവും പള്ളിപ്പെരുന്നാൾ കഴിഞ്ഞ് 11.30ഓടെയാണ് വീട്ടിലെത്തുന്നത്. ഈസമയം വീട്ടിലെ വളർത്തുനായ് അസാധാരണമായ നിലയിൽ കുരക്കുകയും പരിഭ്രാന്തമായ നിലയിലുമായിരുന്നു. ഉറങ്ങാനുള്ള തിരക്കിൽ അത് കാര്യമാക്കാതെ വീട്ടിൽ പ്രവേശിച്ചു. എന്നാൽ, പിറ്റേന്ന് രാവിലെ സി.സി ടി.വി പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യം കണ്ടതെന്ന് സിജു പറഞ്ഞു.
ഏഴാറ്റുമുഖം കാടിന് ഏതാനും കിലോമീറ്ററുകൾക്കടുത്തുള്ള പ്രദേശമാണിവിടം. പ്രാന്തപ്രദേശങ്ങളിൽ കാട്ടാനകളും കാട്ടുപന്നികളും ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി കൃഷിക്കും മറ്റ് വസ്തുവകകൾക്കും നാശനഷ്ടമുണ്ടാക്കുന്നത് പതിവാണ്. ഏതാനും വർഷം മുമ്പ് ഒരു കിലോമീറ്ററോളം ദൂരത്ത് റബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയെ റബർ മരത്തിൽനിന്ന് ചാടിവീണ് പുലി ഉപദ്രവിച്ചെങ്കിലും ജീവൻ തിരിച്ചുകിട്ടി. മാസങ്ങളോളം ചികിത്സ നടത്തേണ്ടിവന്നു.
പ്രദേശവാസികൾ പലരും പല സന്ദർഭങ്ങളിൽ പുലിയെ കണ്ടതായി പറയുന്നുണ്ടെങ്കിലും സിജുവിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ഭീതി ഇരട്ടിപ്പിക്കുകയാണ്. ചുറ്റുഭാഗങ്ങളിൽ നിരവധി വീടുകളും സ്ഥാപനങ്ങളും വഴികളുമുണ്ട്. സംഭവം വനം വകുപ്പ് അധികൃതരെ അറിയിച്ചതിനെത്തുടർന്ന് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. സി.സി ടി.വി ചിത്രം പുലിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.