ടി.കെ. പരീക്കുട്ടി ഓർമയായിട്ട് അഞ്ചര പതിറ്റാണ്ട്
text_fieldsമട്ടാഞ്ചേരി: ഹിന്ദി, തമിഴ് സിനിമകളുടെ തനിയാവർത്തനങ്ങളായി നീങ്ങിയിരുന്ന മലയാള സിനിമയിൽ മാറ്റത്തിന് തുടക്കമിട്ട സിനിമ നിർമാതാവ് ടി.കെ. പരീക്കുട്ടി ഓർമയായിട്ട് ഇന്ന് 55 വർഷം. മലയാള സിനിമക്ക് സ്വന്തമായ മേൽവിലാസം ചാർത്തി, ടി.കെ. പരീക്കുട്ടിയുടെ ചന്ദ്രതാര ഫിലിംസ് 1954ൽ നിർമിച്ച നീലക്കുയിൽ എന്ന ചിത്രമാണ് തെന്നിന്ത്യയിലേക്ക് ആദ്യത്തെ ദേശീയ പുരസ്കാരം കൊണ്ടുവന്നത്. ഇന്ത്യൻ പ്രസിഡന്റിന്റെ വെള്ളി മെഡലാണ് സിനിമ നേടിയത്.
പരാജയമാവുമോ എന്ന ഭീതിയിൽ പുത്തൻ ആശയങ്ങളും മലയാളത്തനിമയുള്ള സിനിമകളും പിടിക്കാൻ നിർമാതാക്കൾ തയ്യാറാകാതിരുന്ന ഘട്ടത്തിലാണ് അക്കാലത്തെ ന്യൂ ജനറേഷൻ ആശയക്കാരായ രാമു കാര്യാട്ടും പി. ഭാസ്കരനും പരീക്കുട്ടിയെ സിനിമ നിർമ്മിക്കണമെന്ന ആവശ്യത്തോടെ ചെന്നു കാണ്ടത്. കൊച്ചി തുറമുഖത്ത് നിന്ന് ഫാക്ടിലേക്ക് ചരക്ക് നീക്കം നടത്തിയിരുന്ന നൂറോളം തോണികളുടെ ഉടമയായിരുന്നു അദ്ദേഹം. അങ്ങനെ മൂവരുടേയും കൂട്ടുകെട്ടിൽ നീലക്കുയിൽ സിനിമ പിറന്നു. ദേശീയ അവാർഡ് ചിത്രം നേടുകയും ചെയ്തു. പരീക്കുട്ടി ഒമ്പത് സിനിമകൾ നിർമിച്ചതിൽ നാലു സിനിമകൾ ദേശീയ അവാർഡുകൾ നേടി. രാരിച്ചൻ എന്ന പൗരൻ, നാടോടി, മുടിയനായ പുത്രൻ, മൂടുപടം, തച്ചോളി ഒതേനൻ, ഭാർഗ്ഗവി നിലയം, കുഞ്ഞാലി മരക്കാർ, ആൽമരം എന്നിവയായിരുന്നു അദ്ദേഹം നിർമിച്ച ചിത്രങ്ങൾ. കേരളത്തിലെ ആദ്യ 70 എം.എം തിയേറ്ററായ സൈന ഫോർട്ടുകൊച്ചിയിൽ സ്ഥാപിച്ചതും പരീക്കുട്ടിയാണ്. സ്വന്തമായി സിനിമ സ്റ്റുഡിയോ സ്ഥാപിക്കുന്നതിന് തൃശൂരിൽ 30 ഏക്കർ സ്ഥലം വാങ്ങിയെങ്കിലും ആഗ്രഹം പൂർത്തീകരിക്കാനാവാതെ 1969 ജൂലൈ 21ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.
ആർട്ട് ആന്റ് ആക്ട് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പരീക്കുട്ടിയുടെ 55ാമത് ഓർമ ദിനാചരണവും നീലക്കുയിൽ എന്ന സിനിമയുടെ 70ാം വാർഷികവും തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചിന് മട്ടാഞ്ചേരി ഷാദി മഹലിൽ സംഘടിപ്പിക്കുന്നുണ്ട്. സബ് കലക്ടർ കെ. മീര ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.