പാലം വന്നിട്ട് രണ്ട് വർഷം; മാഞ്ചേരിക്കുഴി പാലം വഴി കാക്കനാട്ടേക്ക് ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം
text_fieldsപള്ളിക്കര: പുതുതായി നിർമിച്ച മോറക്കാല മാഞ്ചേരികുഴി പാലം വഴി കാക്കനാട്ടേക്ക് ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ രണ്ട് കൊല്ലം മുമ്പാണ് പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. പാടിഞ്ഞാറെ മോറക്കാലയിലുള്ള ജനങ്ങള്‍ക്ക് കാക്കനാട്ടേക്കും എറണാകുളത്തേക്കും പോകണമെങ്കില്‍ മോറക്കാലയിലും അവിടെനിന്ന് പള്ളിക്കരയിലുമെത്തി മറ്റൊരു ബസില്‍ കയറണം. 20 കിലോമീറ്ററിലധികം ചുറ്റിവരണം. എന്നാല്‍, മാഞ്ചേരികുഴി പാലം വഴി ബസ് അനുവദിച്ചാല്‍ 10 കീലോമീറ്റര്‍ കൊണ്ട് കാക്കനാട് എത്താം. കാക്കനാടിനേയും കുന്നത്തുനാടിനേയും ബന്ധിപ്പിക്കുന്ന പാലമാണ് മാഞ്ചേരി കുഴിപാലം. പടിഞ്ഞാറെ മോറക്കാലയില്നിന്ന് മോറക്കാല, കിഴക്കമ്പലം സ്കൂളുകളിലായി നിരവധി കുട്ടികളാണ് പഠിക്കുന്നത്. ഇതില്‍ മോറക്കാലയില്‍ ഉള്ള കുട്ടികള്‍ കിലോമീറ്ററുകളോളം കാല്‍നടയായോ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചൊ ആണ് എത്തുന്നത്. കിഴക്കമ്പലം സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ മോറക്കാലയിലെത്തിയ ശേഷമാണ് ബസുകളില്‍ പോകുന്നത്.
കാക്കനാട്നിന്ന് വരുന്ന കുട്ടികള്‍ പള്ളിക്കരയില്‍ ഇറങ്ങി അവിടെനിന്ന് മറ്റൊരു ബസ് കയറിയാണ് മോറക്കാല സ്കൂളിലെത്തുന്നത്. കൂടാതെ ബസ് റൂട്ട് വന്നാല്‍ ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, കലക്ട്രേറ്റ് ഇവിടങ്ങളിലേക്കും എളുപ്പം എത്താനാകും. റോഡിന് കൈവരിയില്ലന്ന കാരണത്താലാണ് പുതിയ റൂട്ടിനായുള്ള പലരുടെയും അപേക്ഷ തള്ളികളയാന്‍ കാരണം. എന്നാല്‍, നിരവധി സ്കൂളുകളുടെ സ്കൂള്‍ ബസുകള്‍ ഇതിലൂടെയാണ് കടന്നുപോകുന്നത്. പൊതുമരാമത്ത് വകുപ്പ് റോഡിലൂടെ ഗതാഗത സൗകര്യം ഒരുക്കാൻ യാതൊരു തടസ്സവും ഇല്ലെന്ന് പറയുകയും കോടതി ഉൾപ്പെടെ ഇതിലൂടെ ബസ് സർവിസ് ആരംഭിക്കാൻ അനുവാദം നൽകുകയും ചെയ്തെങ്കിലും ചില ഉദ്യോഗസ്ഥർ പല കാരണങ്ങൾ പറഞ്ഞ് ബസുകളുടെ പെർമിറ്റ് അനുവദിക്കുന്നത് നീട്ടുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
പാലം വരാൻ വർഷങ്ങൾ കാത്തിരുന്ന കാത്തിരുന്ന ജനങ്ങള്‍ ബസ് സർവിസിനായി കാത്തിരിക്കുകയാണിപ്പോൾ. ഇതുവഴി ബസ് സർവിസ് ആരംഭിച്ചാല്‍ പടിഞ്ഞാറ മോറക്കാല വലിയ പുരോഗതിയിലേക്ക് എത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം, മോറക്കാല മുതല്‍ മാഞ്ചേരികുഴി പാലം വരെ ബി.എം ബി.സി. നിലവാരത്തില്‍ റോഡ് ടാര്‍ ചെയ്യാൻ ഫണ്ട് അനുവദിച്ചിരുന്നങ്കിലും പല ഭാഗത്തും ഇപ്പോഴും റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ് എത്രയും വേഗം റോഡ് നിർമാണം പൂര്ത്തീകരികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.