കൊച്ചിക്ക് കാഴ്ചവിരുന്നൊരുക്കാൻ നാലു മയിൽ കുഞ്ഞുങ്ങൾകൂടി
text_fieldsമട്ടാഞ്ചേരി: നാട്ടുകാർക്കും കൊച്ചി കാണാനെത്തുന്ന സഞ്ചാരികൾക്കും നയനമനോഹര കാഴ്ചയുമായി മുട്ട വിരിഞ്ഞ് നാല് മയിൽ കുഞ്ഞുങ്ങൾകൂടി. മട്ടാഞ്ചേരി ബസാറിൽ, ജീവ ൃമാത ദേവാലയത്തിന് എതിർവശം ജിത്തു മൻസുക് ലാൽ എന്നയാളുടെ ചുക്ക് ഉണക്കുന്ന പാണ്ടികശാലയോട് ചേർന്ന പൊളിഞ്ഞ കെട്ടിടത്തിലാണ് മയിലും നാല് കുഞ്ഞുങ്ങളും കഴിയുന്നത്.
രാവിലെ പാണ്ടികശാല തുറന്നപ്പോഴാണ് പുതിയ അതിഥികളെ ജീവനക്കാർ കണ്ടത്. പറവകളുടെ സംരക്ഷകനായ മുകേഷ് ജൈൻ സ്ഥലത്തെത്തി അമ്മ മയിലിന് ഭക്ഷണവും വെള്ളവും നൽകി സംരക്ഷണ നടപടികൾ ഒരുക്കിയിട്ടുണ്ട്. അമ്മയോടൊപ്പം ചേർന്ന് കുഞ്ഞുങ്ങൾ നടക്കുന്ന കാഴ്ചയും ഏറെച്ചന്തമാണ്.
മൂന്ന് വർഷമായി മൂന്ന് മയിലുകൾ ഫോർട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി പറന്നുനടക്കുന്ന കാഴ്ച കൊച്ചിയിലെത്തുന്ന സഞ്ചാരികളെ ആകർഷിച്ചിരുന്നു. പൊതുസ്ഥലങ്ങളിൽ ഭയാശങ്കകൂടാതെ പറന്നിറങ്ങി നടക്കുന്ന ഇവക്ക് നാട്ടുകാരും സഞ്ചാരികളും ധാന്യങ്ങളടക്കമുള്ള ഭക്ഷണവും നൽകിയിരുന്നു. രണ്ട് ആൺമയിലും ഒരു പെൺമയിലുമായിരുന്നു കൊച്ചിക്ക് ഈ മനോഹരകാഴ്ച സമ്മാനിച്ചിരുന്നത്. ഇതിൽ പെൺമയിൽ മുട്ടയിടുകയും വിരിയുകയും ചെയ്തതോടെ നാട്ടുകാരും സന്തോഷത്തിലാണ്. ഇതോടെ കൊച്ചിയിലെ മയിലുകളുടെ എണ്ണം ഏഴായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.