വില്ലിങ്ടൺ ഐലന്‍ഡ് ഈ പേരിന് ഇന്ന് 90ാം പിറന്നാൾ
text_fieldsമട്ടാഞ്ചേരി: കൊച്ചി തുറമുഖത്തിന് വില്ലിങ്ടൺ ഐലൻഡ് എന്ന് നാമകരണം ചെയ്തിട്ട് വെള്ളിയാഴ്ച 90 വർഷം.1933 ഡിസംമ്പർ എട്ടിന് കൊച്ചി രാജാവ് രാമവർമ തമ്പുരാൻ വാത്തുരുത്തി പാലം നിർമിക്കാനുള്ള ഫോർ പാർട്ടി കരാർ ഒപ്പിടുന്ന വേളയിലാണ് ആ നിർദേശം മുന്നോട്ടുവെച്ചത്. ‘ലോർഡ് വില്ലിങ്ടൺ ഒരുപാട് കാര്യങ്ങൾ കൊച്ചിക്ക് വേണ്ടി ചെയ്തിട്ടുണ്ട്. അതുകൊണ്ട് വീണ്ടും എന്തെങ്കിലും ആവശ്യപ്പെടുന്നത് നന്ദികേടായി തോന്നാം. എങ്കിലും ഒരാനുകൂല്യം കൂടി ചോദിക്കാൻ നാം ആഗ്രഹിക്കുന്നു. നികത്തിയെടുത്ത കൊച്ചി തുറമുഖ പ്രദേശത്തിന് അദ്ദേഹത്തിന്‍റെ പേരിടാൻ അനുവദിക്കണം’. സദസ്സിൽ ഉണ്ടായിരുന്ന മദിരാശി ഗവർണർ വില്ലിങ്ൺ പ്രഭു രാജാവിന്‍റെ നിർദ്ദേശം അംഗീകരിച്ചു. രാജാവ് അപ്പോൾതന്നെ തുറമുഖ ദ്വീപിന് വില്ലിങ്ടൺ ഐലൻറ് എന്ന പേര് പ്രഖ്യാപിക്കുകയും ചെയ്തു.
കൊച്ചിയുടെ ശിൽപി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഹാർബർ എൻജിനീയർ സർ റോബർട്ട് ബ്രിസ്റ്റോ തുറമുഖ നിർമാണത്തിന് കൊച്ചിയിൽ എത്തിയപ്പോൾ കായലിൽ വെണ്ടുരുത്തി എന്ന കൊച്ചുതുരുത്ത് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ചെറിയ ദേവാലയവും ഒരു കുഷ്ഠരോഗാശുപത്രിയും തുരുത്തിൽ ഉണ്ടായിരുന്നു. വെണ്ടുരുത്തി തുരുത്തിന്‍റെ വടക്ക് ഭാഗത്ത് കൽച്ചിറ കെട്ടി കായലിൽ നിന്ന് കോരിയെടുത്ത ചെളിയും മണ്ണും നിക്ഷേപിച്ച് 800 ഏക്കർ വിസ്തീർണത്തിൽ ബ്രിസ്റ്റോ കൊച്ചി തുറമുഖം കായലിൽ ഉയർത്തിയെടുത്തു.
കടൽ, കര, വായു, റെയിൽ സംവിധാനങ്ങൾ സംയോജിപ്പിച്ച് വൻകിട തുറമുഖമാക്കി മാറ്റി. തുറമുഖ നിർമാണത്തിന് സ്കോട്ട്ലൻഡിൽ നിന്ന് കൊണ്ടുവന്ന മണ്ണുമാന്തി കപ്പലിന് വില്ലിങ്ടൺ പ്രഭുവിന്‍റെ പേര് നൽകിയിരുന്നു. രണ്ടാമത് കൊണ്ടുവന്ന മണ്ണുമാന്തി കപ്പലിന് ലേഡി വില്ലിങ്ടൺ എന്നും. ആവി കൊണ്ട് പ്രവർത്തിച്ചിരുന്ന ഈ കപ്പലുകളുടെ ബോയിലറുകൾ പൈതൃക സ്മരണയിൽ ഫോർട്ടുകൊച്ചി കടപ്പുറത്ത് സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.