അങ്കമാലിയിലെ ഗതാഗതക്കുരുക്ക്; ബസുടമകൾ പ്രക്ഷോഭത്തിലേക്ക്
text_fieldsഅങ്കമാലി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ബസുടമകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന കുപ്പിക്കഴുത്താകൃതിയിലായ അങ്കമാലി നഗര മധ്യത്തിലൂടെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. കാലങ്ങളായി തുടരുന്ന അവസ്ഥക്ക് പരിഹാരമില്ലാത്തത് സ്വകാര്യ ബസ് സർവിസുകളെയാണ് സാരമായി ബാധിക്കുന്നത്.
മുന്നറിയിപ്പില്ലാതെ സർവിസുകൾ നിർത്തിവെച്ചായിരിക്കും പ്രതിഷേധിക്കുകയെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ പറഞ്ഞു.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പലതവണ ഉന്നതാധികാരികൾ അടക്കം ഇടപെട്ട് യോഗങ്ങൾ വിളിച്ചുചേർത്തെങ്കിലും യാതൊരു തീരുമാനവും നടപ്പിൽ വരാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയിട്ടുള്ളതെന്നും ബസ്സുടമകൾ പറയുന്നു.
ബസ് സ്റ്റാന്റിന്റെ കവാടത്തിലും റെയിൽവെ സ്റ്റേഷൻ റോഡിലും ഇരുചക്രവാഹനങ്ങൾ അടക്കം അനധികൃതമായി പാർക്ക് ചെയ്യുകയാണ്.
അധികാരികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അതേസമയം മോട്ടോർ വാഹന വകുപ്പും, പൊലീസും ഓരോ കാരണങ്ങൾ പറഞ്ഞ് സ്വകാര്യ ബസ്സുകൾക്ക് വൻ തുക പിഴ ചുമത്തുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.