എന്തൊരു വിധിയിത്; നിസ്സംഗത തുടർന്ന് അധികൃതർ
text_fieldsകൊച്ചി: നിരത്തുകളിൽ അപകട പരമ്പര തീർത്ത് ഗതാഗതക്കുരുക്ക്. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും റോഡുകളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. കുരുക്ക് മറികടക്കാനും സമയം തെറ്റാതെ ലക്ഷ്യസ്ഥാനത്തെത്താനുമുളള ഡ്രൈവർമാരുടെയും യാത്രികരുടെയും ശ്രമമാണ് പലപ്പോഴും നിരത്തുകൾ കുരുതിക്കളമാകാൻ കാരണം. റോഡുകളുടെ ശോച്യാവസ്ഥയും മഴയുമെല്ലാം രൂക്ഷത വർധിപ്പിക്കുകയാണ്.
ഒരു പോയൻറ് കടക്കാൻ വേണ്ടത് മണിക്കൂറുകൾ
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് വർഷങ്ങളായി തുടരുന്ന തലവേദനയാണ്. കൊച്ചി മെട്രോ, ജലമെട്രോ അടക്കം പുതിയ ഗതാഗത സംവിധാനങ്ങളുടെയും വൈറ്റില, പാലാരിവട്ടം മേൽപാലങ്ങളുടെയും വരവോടെ ഇതിന് പരിഹാരമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കുരുക്ക് കൂടുതൽ മുറുകുകകയാണ് ചെയ്തത്. തിരക്കേറിയ രാവിലെയും വൈകീട്ടും ഉത്സവ സീസണിലും നഗരം തിരക്കിലും കുരുക്കിലും വീർപ്പുമുട്ടും. വാഹനം ഒരു പോയിൻറ് കടക്കണമെങ്കിൽ പോലും മണിക്കൂറുകളെടുക്കും. ഇടപ്പള്ളി മുതൽ അരൂർ വരെയും ഹൈകോടതി മുതൽ കാക്കനാട് വരെയും എം.ജി റോഡ്മുതൽ തിരുവാങ്കുളം വരെയും കുരുക്കൊഴിയുന്ന നേരം ചുരുക്കമാണ്.
അപകടങ്ങളും വ്യാപകം
കുരുക്ക് മറികടക്കാനുളള വാഹനങ്ങളുടെ ശ്രമമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം മാടവനയിൽ കല്ലടബസ് അപകടം സൃഷ്ടിച്ചതിന് പിന്നിൽ ഗതാഗതക്കുരുക്കിൽ നഷ്ടപ്പെട്ട സമയം തിരികെ പിടിക്കാനായി അമിതവേഗത്തിലോടിയതാണ്. അപകടത്തിൽ ബൈക്ക് യാത്രികൻ മരിക്കുകയും നിരവധി ബസ് യാത്രികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നഗരത്തിൽ ഈരീതിയിൽ സ്വകാര്യ ബസുകളടക്കം സൃഷ്ടിക്കുന്ന അപകടങ്ങൾ ചെറുതല്ല. അപകടങ്ങൾക്ക് പുറമേ ഡ്രൈവർമാർ തമ്മിൽ സംഘർഷവും പതിവ് കാഴ്ചയാണ്.നിരത്തുകളിൽ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാത്തത് ഇവർക്ക് തുണയാകുന്നുണ്ട്. ഗതാഗത നിയന്ത്രണത്തിന് മിക്കപ്പോഴും പൊലീസ് അധികൃതരെ കാണാനില്ലെന്ന് ആക്ഷേപമുണ്ട്.
ദുരിതം വിതച്ച് നിർമാണ പ്രവൃത്തികൾ
കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ നവീകരണ പ്രവൃത്തികളാണ് കുണ്ടന്നൂർ മുതൽ നേര്യമംഗലം വരെ ദുരിതമാകുന്നതെങ്കിൽ ജലജീവൻ മിഷൻ പദ്ധതിയുടെ നിർമാണ പ്രവൃത്തികളാണ് ആലുവ, പെരുമ്പാവൂർ പ്രദേശങ്ങളിൽ പ്രശ്നം സൃഷ്ടിക്കുന്നത്. കാലവർഷം കൂടിയാരംഭിച്ചതോടെ പലയിടങ്ങളിലും നിരത്തുകൾ സഞ്ചാരയോഗ്യമല്ലാതായി. നഗരത്തിലെ കുരുക്കിന് പുറമേ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിവിധ നിർമാണ പ്രവൃത്തികളുടെ പേരിൽ ഗതാഗതം സുഖകരമല്ലാത്ത സ്ഥിതിയാണ്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിൽ ഏകോപനമില്ലാത്തതിനാൽ പ്രശ്നം പരിഹരിക്കപ്പെടുന്നുമില്ല. വകുപ്പുകളാകട്ടെ പരസ്പരം പഴിചാരിക്കൊണ്ടിരിക്കുന്നതല്ലാതെ നടപടിയൊന്നും സ്വീകരിക്കുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.