തൃക്കാക്കരയിലെ ഇടറോഡുകൾ ഗതാഗതക്കുരുക്കിൽ
text_fieldsകാക്കനാട്: റോഡിലെ അറ്റകുറ്റപ്പണി വൈകുന്നതും അലക്ഷ്യമായ പാര്‍ക്കിങ്ങും ജില്ല ആസ്ഥാനമായ കാക്കനാടിന്റെ ഇടറോഡുകൾ അനുദിനം വീര്‍പ്പുമുട്ടിക്കുന്നു. മെട്രോ റെയിൽ നിർമാണം ആരംഭിക്കുന്നതോടെ കൂടുതൽ ഗതാഗതക്കുരുക്കിന് ഏറെ സാധ്യതയുണ്ട്.
സമാന്തരമായ ഇടറോഡുകളിലൂടെ ഗതാഗതം സുഗമമാക്കുകയാണ് ഇതിനു പരിഹാരം. പ്രദേശത്തെ ഇടറോഡുകൾ നവീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
നിലവിൽ പാലാരിവട്ടം-കാക്കനാട് സിവിൽ ലൈന്‍ റോഡ് വാഴക്കാല ജങ്ഷന്‍വഴി ഐ.ടി നഗരത്തിലെത്തുന്നവര്‍ക്കു മണിക്കൂറുകളോളം നീളുന്ന കുരുക്കിൽപെടാനാണ് വിധി.
കുരുക്കിൽനിന്ന് രക്ഷപ്പെടാൻ ബൈപാസിൽനിന്ന് വെണ്ണല, പാലച്ചുവട്, ഈച്ചമുക്ക് വഴി കാക്കനാട്ടേക്കുള്ള റോഡും ബൈപാസിൽനിന്ന് മരോട്ടിച്ചോട്, തോപ്പിൽ വഴി കാക്കനാട്ടേക്കുള്ള ഇടറോഡുകളും പ്രയോജനപ്പെടുത്താൻ കഴിയുമെങ്കിലും റോഡുകളിലെ കൈയേറ്റങ്ങളും അനധികൃത പാർക്കിങ്ങും റോഡിലെ അപകടക്കെണിയും അഴിയും തോറും മുറുകുന്ന ഗതാഗതക്കുരുക്കായി മാറുന്നു.
എൻ.ജി.ഒ ക്വാർട്ടേഴ്സ് മരോട്ടിച്ചോട് തോപ്പിൽ വഴി ഇടപ്പള്ളിയിലേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന ഇടറോഡിലെ ദേശീയ കവലയിൽ ഒരാഴ്ച മുമ്പ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനാൽ റോഡും തകർന്നിരുന്നു. തോപ്പിൽ പമ്പ് ഹൗസിൽനിന്നുള്ള 400 എം.എം പൈപ്പാണ് പൊട്ടിയത്. പൈപ്പ് അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചെങ്കിലും റോഡ് നിർമാണം ഇതുവരെ ആരംഭിക്കാത്തതിനാൽ ഗതാഗതം വഴിമുട്ടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.