ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു; നഗരത്തിലെ ഗതാഗതം സുഗമമാക്കാൻ നടപടി
text_fieldsകൊച്ചി: നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടി മേയര്‍ എം. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചര്‍ച്ചചെയ്തു.
നഗരത്തിലെ പ്രധാനപ്പെട്ട സ്കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവ വരുന്ന പ്രദേശങ്ങള്‍ സൈലന്റ് സോണുകളായി നിലനിർത്താൻ നോ ഹോണ്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന നടപടി വേഗത്തിലാക്കും.
കൊച്ചിയുടെ പ്രധാനപ്പെട്ട ടൂറിസം മേഖലയായ ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളില്‍ നേരിടുന്ന ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാൻ കൊച്ചി എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് നിർദേശങ്ങള്‍ കമ്മിറ്റിയില്‍ സമര്‍പ്പിക്കും. വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് മൂലം ഉണ്ടാകുന്ന അപകടങ്ങളും ഗതാഗതക്കുരുക്കും നഗരഗതാഗതത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്.
കലൂര്‍ പൊറ്റക്കുഴി ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊറ്റക്കുഴി മാമംഗലം റോഡില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. കലൂര്‍ വൈലോപ്പിള്ളി ലെയിനിലും വണ്‍വേ സംവിധാനം നടപ്പാക്കുന്നതാണ്.
ചിറ്റൂര്‍ റോഡിലുള്ള സൗത്ത് സ്റ്റോപ്പില്‍ നിർത്തുന്ന ബസുകള്‍ കൃത്യമായി ബസ് സ്റ്റോപ്പില്‍തന്നെ നിർത്തുന്ന കാര്യം കര്‍ശനമായി നിരീക്ഷിക്കാൻ ട്രാഫിക് പൊലീസിന് നിർദേശം നല്കി. ഗവ. ഗേള്‍സ് സ്കൂളിന് മുന്നില്‍ ബസുകള്‍ നിർത്തുന്നത് മൂലമുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഈ നടപടി.
മേയറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ നഗരാസൂത്രണകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്, ഫോര്‍ട്ടുകൊച്ചി ആര്.ഡി.ഒ, ട്രാഫിക് അസി. കമീഷണര്‍മാര്‍, കോര്പറേഷന്, മോട്ടോര്‍ വാഹന വകുപ്പ്, പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി, കേരള വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.