ഗതാഗത നിയമലംഘനം; പരിശോധന കർശനമാക്കി വാഹന വകുപ്പ്
text_fieldsകാക്കനാട്: ഗതാഗത നിയമ ലംഘനം തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പൊലീസുമായി സഹകരിച്ച് വാഹന പരിശോധന ഊർജിതമാക്കുന്നു. വാഹനങ്ങളിൽ വേഗപ്പൂട്ട്, ജി.പി.എസ്, അനധികൃതമായി സ്ഥാപിച്ച വർണ ലൈറ്റുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, ഹൈ ബീം ലൈറ്റുകൾ, എയർഹോൺ, അമിത സൗണ്ട് ബോക്സുകൾ, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഗതാഗത കമീഷണറുടെ നിർദേശപ്രകാരം ജനുവരി 15 വരെ കർശന പരിശോധന തുടരും. റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അനുവദനീയവും അല്ലാത്ത ലൈറ്റുകൾ ഫിറ്റ് ചെയ്തതും അമിത ശബ്ദം ഉണ്ടാക്കുന്ന എയർ ഹോണുകൾ ഘടിപ്പിച്ചതുമായ വാഹനങ്ങൾ കണ്ടെത്തിയാൽ ഫിറ്റ്നസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കും.
അനധികൃത ഫിറ്റിംഗ് ആയി എയർഹോൺ ഉപയോഗിച്ചാൽ 5000 രൂപ വരെയാണ് പിഴ. വാഹനങ്ങളിൽ അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചാലും 5000 രൂപ പിഴ ചുമത്തും. സ്പീഡ് ഗവർണർ അഴിച്ചുവെച്ച് സർവിസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കും.
ട്രിപ്പിൾ റൈഡിങ് സ്റ്റണ്ടിങ് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളുണ്ടാകും. വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വർണ ലൈറ്റുകൾ, എൽ.ഇ.ഡി ലൈറ്റുകൾ എന്നിവ അഴിച്ചുമാറ്റിയതിനുശേഷം മാത്രമേ സർവിസ് നടത്താൻ അനുവദിക്കുകയുള്ളൂവെന്ന് ആർ.ടി.ഒ ടി.എം. ജേഴ്സൺ അറിയിച്ചു.
37 വാഹനങ്ങൾക്കെതിരെ കേസ്; 1,41,500 രൂപ പിഴ
കാക്കനാട്: ഗതാഗത നിയമലംഘനം തടയാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ 37 വാഹനങ്ങൾക്കെതിരെ നടപടി.ആർ.ടി.ഒ ജയേഴ്സന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് ഒമ്പത് കേസുകളും കണ്ണഞ്ചിപ്പിക്കുന്ന വർണ ലൈറ്റുകളുമായി ആറു കേസുകളും, ട്രിപ്പ് മുടക്കിയ സ്വകാര്യബസുകൾക്കെതിരെ ഏഴ് കേസുകളും പൊല്യൂഷൻ സർട്ടിഫിറ്റ് ഇല്ലാത്ത ഒമ്പത് കേസുകളുമാണ് ഫയൽ ചെയ്തത്. ടാക്സ് അടക്കാതെ സർവിസ് നടത്തിയ രണ്ട് വാഹനങ്ങൾക്കം രൂപമാറ്റം വരുത്തിയ നാല് വാഹനങ്ങൾക്കുമെതിരെയും പിഴ ചുമത്തി. അലക്ഷ്യമായി വാഹനം ഓടിച്ച കുറ്റത്തിന് മൂന്ന് കേസുകളുമെടുത്തു. 1,41,500 രൂപയും പിഴ ഈടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.