മൃതദേഹ കൈമാറ്റം: ജനറൽ ആശുപത്രിക്ക് കിട്ടിയത് 62 ലക്ഷം രൂപ, നാലു വർഷത്തിനിടെ എത്തിയത് 267 അനാഥ മൃതദേഹങ്ങൾ
text_fieldsകൊച്ചി: സംസ്ഥാനത്ത് നാൾക്കുനാൾ അനാഥാലയങ്ങളുടെയും അഗതി മന്ദിരങ്ങളുടെയും എണ്ണം വർധിച്ചു വരുമ്പോഴും മരണാനന്തരം ആശുപത്രികളിൽ അനാഥപ്രേതമായി എത്തുന്നവരുടെ എണ്ണം വർധിക്കുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ മാത്രം നാലു വർഷത്തിനിടെ എത്തിയത് 267 അനാഥമൃതദേഹങ്ങളാണ്. ഇതിൽ 156 എണ്ണം വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കു പഠനാവശ്യത്തിന് പണം വാങ്ങി വിതരണം ചെയ്തിട്ടുണ്ട്. ഒരു മൃതദേഹത്തിന് (കഡാവർ) 40,000 രൂപ നിരക്കിലാണ് ഫീസ്. ഇത്തരത്തിൽ 156 മൃതദേഹങ്ങൾ കൈമാറിയ വകയിൽ 62,40,000 രൂപ ജനറൽ ആശുപത്രിയുടെ അക്കൗണ്ടിലെത്തി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ ചോദ്യത്തിന് മറുപടിയായി ലഭിച്ച വിവരങ്ങളാണിവ.
സർക്കാർ മെഡിക്കൽ കോളജിന് രണ്ടും സ്വകാര്യ സ്ഥാപനങ്ങൾക്ക് 154ഉം മൃതദേഹമാണ് നാലു വർഷത്തിനിടെ ഇവിടെനിന്ന് നൽകിയത്, മെഡിക്കൽ വിദ്യാർഥികളുടെ അനാട്ടമി പഠനത്തിനു വേണ്ടിയാണിത്. ലഭിച്ച തുകയിൽ 57,43,002 രൂപയാണ് നീക്കിയിരിപ്പുള്ളത്, ബാക്കി മോർച്ചറി, അനാട്ടമി വിഭാഗം തുടങ്ങിയവയുടെ അറ്റകുറ്റപ്പണി, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവക്കായി ചെലവഴിച്ചതായും രേഖയിൽ ചൂണ്ടിക്കാട്ടുന്നു. 2017 ആഗസ്റ്റ് ഒന്നുമുതൽ 2021 ഒക്ടോബർ 31വരെയുള്ള കണക്കാണിത്.
കഡാവറിന് 40,000 രൂപയും എംബാം ചെയ്യാത്തതാണെങ്കിൽ 20,000 രൂപയും ഈടാക്കാമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 2008ൽ ഇറക്കിയ ഉത്തരവിലുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുക എങ്ങനെയെല്ലാം വിനിയോഗിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായുള്ള കഡാവറുകൾ കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് ജനറൽ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കും ഇത്തരത്തിൽ പണം സ്വീകരിച്ച് മൃതദേഹം കൈമാറാനുള്ള അനുമതി നൽകിയത്. അവകാശികളില്ലാത്ത മൃതദേഹം ലഭിച്ചാലുടൻ ആശുപത്രി സൂപ്രണ്ട്, അനാട്ടമി വകുപ്പ് മേധാവി തുടങ്ങിയവരെ വിവരമറിയിച്ച് എംബാം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ചട്ടം. ഓരോ മാസവും ലഭിച്ചതും കൈമാറിയതും അവശേഷിക്കുന്നതുമായ മൃതദേഹങ്ങളുടെ കണക്ക് ആശുപത്രി സൂപ്രണ്ട് മെഡിക്കൽ എജുക്കേഷൻ ഡയറക്ടർക്ക് കൈമാറണമെന്നും ഉത്തരവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.