സമഗ്ര ഗതാഗത രൂപരേഖയുടെ കരട് അവതരിപ്പിച്ചു
text_fieldsകൊച്ചി: എറണാകുളത്തിന്റെ വികസനം ലക്ഷ്യമാക്കി തയാറാക്കിയ സമഗ്ര ഗതാഗത രൂപരേഖയുടെ (സി.എം.പി) കരട് ചർച്ച സംഘടിപ്പിച്ചു. വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ), ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) എന്നിവക്കുകീഴിലെ 732 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് സമഗ്ര ഗതാഗത രൂപരേഖയിൽ ഉൾപ്പെടുന്നത്.
മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ എറണാകുളം ടൗൺഹാളിലായിരുന്നു യോഗം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബഹുജനങ്ങളും യോഗത്തിൽ പങ്കെടുത്തു.
മന്ത്രി, മേയർ അഡ്വ. എം. അനിൽകുമാർ, എം.എൽ.എമാർ, കലക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവർ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിച്ചു. നഗരത്തിലെ പാർക്കിങ് സൗകര്യങ്ങളുടെ അപര്യാപ്തതയും ശരിയായ പാർക്കിങ് മാനേജ്മെൻറ് സംവിധാനത്തിന്റെ അഭാവവും ചർച്ചയായി. പരിമിതമായ റോഡ് സ്ഥലലഭ്യത, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹന രജിസ്ട്രേഷൻ നടക്കുന്നത് എന്നീ വിഷയങ്ങളിലൂന്നിയുള്ള ചർച്ചയും യോഗത്തിലുണ്ടായി.
ഗതാഗതക്കുരുക്കിന് വഴിവെക്കുന്ന കാര്യങ്ങളെക്കുറിച്ചും ചർച്ച നടന്നു. സബർബൻ ട്രെയിനുകൾക്കായുള്ള ആവശ്യം ഗതാഗത പഠനങ്ങളിൽ ഉൾപ്പെടുത്തണമെന്ന നിർദേശമുണ്ടായി.
ഇടപ്പള്ളി-അരൂർ ഇടനാഴിയിൽ മെട്രോ റെയിൽപോലെയുള്ള മാസ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റം വേണമെന്ന ആവശ്യമുയർന്നു. കൊച്ചി മെട്രോ റെയിൽ ശൃംഖല ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീട്ടാനും നിർദിഷ്ട (ഗിഫ്റ്റ് സിറ്റി) ഗ്ലോബൽ സിറ്റിയിലേക്ക് നീട്ടാനും മന്ത്രിയും എം.എൽ.എയും ഏകകണ്ഠമായി ആവശ്യപ്പെട്ടു. കരട് സി.എം.പി റിപ്പോർട്ട് കെ.എം.ആർ.എൽ വെബ്സൈറ്റായ https://kochimetro.org/cmp-kochi ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് സി.എം.പി റിപ്പോർട്ടിൽ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാനും ഒരു ഫീഡ്ബാക്ക് ഫോമും ഇതിനൊപ്പം ലഭ്യമാണെന്നും കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.