മരങ്ങൾക്ക് അത്യാഹിതമുണ്ടായാൽ ഓടിയെത്തും 'ട്രീ ആംബുലൻസ്'
text_fieldsമൂവാറ്റുപുഴ: കേരളത്തിലെ ആദ്യ ട്രീ ആംബുലൻസുമായി പണ്ടപ്പിള്ളിയിലെ പീപ്പിൾസ് ബൊട്ടാണിക്കൽ ഗാർഡനും 'ട്രീ' എന്ന പരിസ്ഥിതിസംഘടനയും. മരങ്ങളുടെ സംരക്ഷണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സർവിസാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് മഹാമാരി കാരണം രണ്ടുവർഷമായി പരിസ്ഥിതി ദിനത്തിൽ വിദ്യാർഥികളിലൂടെയും മറ്റ് സന്നദ്ധ സംഘടനകൾ വഴിയും സർക്കാർ നൽകുന്ന വൃക്ഷത്തൈ വിതരണവും തൈനടീലിനും തടസ്സം നേരിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിലവിലെ മരങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി ട്രീ ആംബുലൻസ് സേവനം ആരംഭിച്ചതെന്ന് കോഓഡിനേറ്റർ അഡ്വ. ദീപു ജേക്കബ് പറഞ്ഞു.
പ്രഥമശുശ്രൂഷ, പിഴുതുമാറ്റിയ വൃക്ഷത്തൈ നടീൽ, വൃക്ഷത്തൈകൾ വളർത്തൽ, മരങ്ങൾ മാറ്റുക, വൃക്ഷങ്ങളുടെ സർവേ, നശിച്ച മരങ്ങൾ നീക്കംചെയ്യൽ തുടങ്ങിയ സേവനങ്ങൾ ട്രീ ആംബുലൻസിൽനിന്ന് ലഭിക്കും. പൊതുയിടങ്ങളിൽ നിൽക്കുന്ന മരങ്ങളിൽ ആണിയടിച്ച് ബോർഡുകൾ തൂക്കിയതോ മറ്റ് സംരക്ഷണമില്ലാതെ കാടുപിടിച്ച് കിടക്കുന്നതോ ആയ മരങ്ങളുടെ ഫോട്ടോയും ലൊക്കേഷനും വാട്സ്ആപ് നമ്പറിൽ അയച്ചാൽ ട്രീ ആംബുലൻസ് സംഘം സ്ഥലത്തെത്തി വേണ്ട പരിപാലനം നടത്തും. പൂന്തോട്ട പരിപാലന ഉപകരണങ്ങൾ, വെള്ളം എന്നിവയും ഒപ്പം ഒരു പ്ലാൻറ് വിദഗ്ധനും സഹായികളും ട്രീ ആംബുലൻസിൽ യാത്ര ചെയ്യും. ട്രീ ആംബുലൻസിെൻറ ഫ്ലാഗ് ഓഫ് സിനിമതാരം ജയസൂര്യ നിർവഹിച്ചു.
കുറച്ച് ചെറുപ്പക്കാർ ചേർന്ന് 2012ൽ തുടക്കം കുറിച്ചതാണ് ട്രീ എന്ന പരിസ്ഥിതി സംഘടന. ഒമ്പത് വർഷത്തോളമായി അയ്യായിരത്തിലധികം വൃക്ഷത്തൈകൾ നട്ട് ഇവർ സംരക്ഷിക്കുന്നുണ്ട്. നാൽപാമര കപ്പൽക്കുന്ന്, നക്ഷത്രവനം, ദശമൂല ബട്ടർഫ്ലൈ ഗാർഡൻ, ഫ്രൂട്ട്സ് ഗാർഡൻ, കൃത്രിമ മഴ പെയ്യിക്കുന്ന പുല്ലാന്തി ഹട്ട്, റോക്ക് ഗാർഡൻ തുടങ്ങി നിരവധി ഗാർഡനുകളുമുണ്ട്.
പദ്ധതിയുടെ ഒന്നാംഘട്ടമെന്ന നിലയിൽ മൂവാറ്റുപുഴ, തൊടുപുഴ കൂത്താട്ടുകുളം, പിറവം പ്രദേശങ്ങളിൽ ഇത്തരത്തിൽ പുനരുജ്ജീവിപ്പിക്കേണ്ട മരങ്ങളോ ചെടികളോ ഉെണ്ടങ്കിൽ ട്രീ ആംബുലൻസിെൻറ ടീമിനെ അറിയിക്കാനായി ബന്ധപ്പെടാം. ഫോൺ: 9447555044.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.