പച്ചാളത്ത് റെയിൽവേ ട്രാക്കിൽ മരം; ഒഴിവായത് വൻ ദുരന്തം
text_fieldsകൊച്ചി: പച്ചാളത്ത് റെയിൽവേ ട്രാക്കിലും റോഡിലുമായി മരം കടപുഴകി വീണ സംഭവത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. ഇടപ്പള്ളി-എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പച്ചാളം ഷൺമുഖപുരത്തിന് സമീപമാണ് മരം വീണ് ട്രെയിൻ, റോഡ് ഗതാഗതം സ്തംഭിച്ചത്.
റോഡിനും റെയിൽവേ ട്രാക്കിനും സമീപം തർക്കത്തിലുള്ള ഭൂമിയിലെ പൂവരശ് മരം ഞായറാഴ്ച രാവിലെ 9.30ഓടെ കടപുഴകി വീഴുകയായിരുന്നു. ഷൺമുഖപുരം പ്രമോദ് ലെയ്ൻ റോഡിന് കുറുകെ മരത്തിന്റെ തടിയും റെയിൽവേ ട്രാക്കിൽ ചില്ലകളൊന്നാകെയുമാണ് വീണത്. മരം വീണ് റെയിൽവേ ട്രാക്കിന് മുകളിലൂടെ കടന്നുപോവുന്ന റെയിൽവേ വൈദ്യുതി ലൈനും പൊട്ടിവീണു. 25 കെ.വി ഹൈ ടെൻഷൻ ലൈനാണ് (25,000 വാട്ട്സ്) ട്രെയിൻ ഗതാഗതത്തിനായി സ്ഥാപിച്ചിട്ടുള്ളത്. ലൈൻ പൊട്ടി താഴെ വീണ് മരത്തിന്റെ പച്ചിലകൾക്ക് തീപിടിച്ചു. ഉയർന്ന പവർ സപ്ലൈ ഉള്ള ലൈൻ പൊട്ടിവീണ സമയത്ത് ട്രാക്കിലൂടെ ഏതെങ്കിലും ട്രെയിൻ കടന്നുപോവുകയോ ആളുകൾ മുറിച്ചുകടക്കുകയോ ചെയ്തിരുന്നെങ്കിൽ വലിയ അപകടത്തിനിടയാക്കിയേനെയെന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിരവധി ആളുകൾ ട്രാക്ക് മുറിച്ചുകടക്കുന്ന ഇടമാണിത്, മരം പൊട്ടിവീണ വിവരമറിഞ്ഞയുടൻ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ അധികൃതർ ഇതുവഴി കടന്നുപോകാനിരിക്കുന്ന ട്രെയിനുകൾക്കും സമീപത്തെ സ്റ്റേഷനുകൾക്കും വിവരം നൽകി. തുടർന്ന് ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
നാട്ടുകാരും രംഗത്തിറങ്ങി
രാവിലെ 9.45ഓടെയാണ് എറണാകുളം ക്ലബ് റോഡ് ഫയർ സ്റ്റേഷനിലേലേക്ക് റെയിൽവേ ട്രാക്കിൽ മരം വീണെന്ന അറിയിപ്പുമായി നാട്ടുകാരുടെ വിളിയെത്തിയത്. ഉടൻ തന്നെ ഉദ്യോഗസ്ഥർ പാഞ്ഞെത്തി. ഇതിനിടെ ഹൈ ടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണത് അപകടസാധ്യതയായി മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. റെയിൽവേ അധികൃതർ ഇടപെട്ട് ഉടനടി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഉയർന്ന അളവിലുള്ള വൈദ്യുതി പ്രവാഹമായതിനാൽ ബന്ധം വിച്ഛേദിച്ചാലും വൈദ്യുതി പ്രവഹിക്കാനുള്ള സാധ്യത മുന്നിൽ കണ്ട്, പൂർണമായും ഓഫ് ആകാനുള്ള എർത്തിങ് പ്രക്രിയ നടത്തിയ ശേഷമാണ് മരം മുറിച്ചുനീക്കാൻ ആരംഭിച്ചത്. ഫയർഫോഴ്സിന്റെ ചെയ്ൻസോ ഉപയോഗിച്ച് മരം മുറിച്ചുനീക്കുന്നതിന് റെയിൽവേ ഉദ്യോഗസ്ഥരും എറണാകുളം നോർത്ത് പൊലീസും നാട്ടുകാരും സഹായിച്ചു. തുടർന്ന് ട്രാക്കിലെ ചെറിയ മരക്കൊമ്പുകളും മറ്റും നീക്കി രണ്ടുമണിക്കൂറോളമെടുത്താണ് ഗതാഗതം വീണ്ടും ആരംഭിച്ചത്. ക്ലബ് റോഡ് ഗ്രേഡ് അസി. ഫയർ സ്റ്റേഷൻ ഓഫിസർ വിമൽകുമാർ, ഫയർമെൻ എ. ഷമീർ, എം. ശ്യാം, ബി. ബിനോയ്, ഡ്രൈവർ കെ.ഡി. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. സഹോദരങ്ങൾ തമ്മിൽ ഭൂമി സംബന്ധിച്ച് തർക്കം നടക്കുന്ന സ്ഥലത്തെ മരമാണ് പൊട്ടിവീണതെന്ന് നാട്ടുകാർ പറഞ്ഞു. അപകടകരമായ രീതിയിൽ നിൽക്കുന്ന മരം മുറിച്ചുമാറ്റാൻ അധികൃതർ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന ആക്ഷേപവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.