തൃക്കാക്കര നഗരസഭ; കൗൺസിലർമാർ എവിടെയാണ് ?
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലാതെ കൗൺസിലർമാർ. വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച കൗൺസിൽ യോഗത്തിൽ ഭൂരിഭാഗം കൗൺസിലർമാരും എത്തിയപ്പോൾ 11.45 ആയി. വെള്ളിയാഴ്ച ആയതിനാൽ ഉച്ചക്ക് 12ന് യോഗം പിരിഞ്ഞു. തുടർന്ന് ഭക്ഷണശേഷം കൗൺസിൽ തുടങ്ങിയത് 2.30ന്. ഇവിടെയും ഭരണ -പ്രതിപക്ഷ അംഗങ്ങളുടെ എണ്ണത്തിൽ കുറവ്. സമയം 3.30 ആയപ്പോൾ വീണ്ടും കുറച്ച് കൗൺസിലർമാർ എത്തി. അപ്പോഴേക്കും കുറെപേർ പോകുകയും ചെയ്തു. 41 അജണ്ടകൾ ചർച്ച ചെയ്ത് തീരുമാനിക്കേണ്ട യോഗത്തിൽ അജണ്ട നമ്പർ 31 എത്തിയപ്പോൾ സമയം 4.30 ആയി. 43 അംഗ കൗൺസിലിൽ വെറും 13 കൗൺസിലർമാർ മാത്രം. പ്രതിപക്ഷ നിരയിൽ സ്വതന്ത്ര കൗൺസിലർ പി.സി മനൂപും ഭരണം കൈയാളുന്ന യു.ഡി.എഫ് നിരയിൽ വെറും 12 പേരും. സ്വതന്ത്ര കൗൺസിലർ പി.സി. മനൂപ് കോറം തികയാത്തതിനെ ചോദ്യം ചെയ്തു. ഇതോടെ ചെയർപേഴ്സൻ രാധാമണിപ്പിള്ള 31-ാം അജണ്ടയിൽ യോഗം അവസാനിപ്പിക്കുകയായിരുന്നു.
റോഡിന്റെ മുൻകൂർ നിർമാണാനുമതി കൗൺസിൽ റദ്ദാക്കി
കാക്കനാട്: തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ തമ്മിൽ തർക്കം. മുസ്ലിം ലീഗ് വനിത അംഗം സജിന അക്ബർ തന്റെ ഡിവിഷനിലെ സെന്റ് ആന്റണീസ് ചർച്ച് റോഡിന്റെ പേര് മാറ്റി തങ്ങൾ റോഡ് എന്നാക്കി 12 ലക്ഷം രൂപയുടെ നിർമാണ അനുമതിക്കുള്ള മുൻകൂർ അനുമതി നേടിയിരുന്നു. ഇല്ലാത്ത റോഡിന്റെ പേരിൽ 12 ലക്ഷം രൂപയുടെ നിർമാണാനുമതി നൽകിയതിനെ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് അംഗം ഷാജി വാഴക്കാല ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ, റോഡിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണന്നും മുൻകൂർ അനുമതി റദ്ദാക്കരുതെന്നും സജീന ആവശ്യപ്പെട്ടു.
നഗരസഭ അധ്യക്ഷ രാധാമണിപിള്ളയും നഗരസഭ സെക്രട്ടറിയും എൽ.ഡി.എഫ് അംഗങ്ങളും സജീനയുടെ വാദത്തെ എതിർത്ത് മുൻകൂർ അനുമതി റദ്ദാക്കുകയായിരുന്നു. തീരുമാനത്തിൽ പ്രതിഷേധിച്ച് സജീന കൗൺസിൽനിന്ന് ഇറങ്ങിപോയി. ഹരിത കർമസേനയിലേക്ക് മാലിന്യ സംസ്കരണത്തിനായി ദിവസ വേതനത്തിൽ 25 പേരെകൂടി എടുക്കുന്നതിനെ കുറിച്ച് യു.ഡി.എഫ് കൗൺസിലർമാർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തൊഴിലാളികളെ നിയമിക്കാൻ ഭരണസമിതി തയാറായില്ലങ്കിൽ തന്റെ അധികാരം ഉപയോഗിച്ച് ആവശ്യമായ തൊഴിലാളികളെ നിയമിക്കുമെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു. നിലവിൽ നഗരസഭയിലെ അമ്പത് ശതമാനം വീടുകളിൽനിന്നാണ് മാലിന്യ നീക്കം നടക്കുന്നതെന്ന് സെക്രട്ടറി അറിയിച്ചു.
രശീത് നൽകാതെ വീടുകളിൽ നിന്ന് മാലിന്യ സംസ്കരണത്തിനായി ഹരിത കർമസേന അംഗങ്ങൾ പണം വാങ്ങുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി കൗൺസിലിൽ അറിയിച്ചു. കൗൺസിലിനെ അറിയിക്കാതെ എൻ.ജി.ഒ ക്വാർട്ടേഴ്സിലെ നഗരസഭ ഷോപ്പിങ് കോംപ്ലക്സിൽ സ്വകാര്യ വ്യക്തിക്ക് വാടകമുറി അനുവദിച്ച ഉദ്യോഗസ്ഥ നടപടിയെ ചോദ്യം ചെയ്ത എൽ.ഡി.എഫ് അംഗങ്ങളെ പിന്തുണച്ച് യു.ഡി.എഫ് അംഗങ്ങളും രംഗത്തുവന്നു. ഉദ്യോഗസ്ഥഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.