വടംവലി മത്സരം വെള്ളത്തിന് നടുവിൽ; താരങ്ങളിൽ പലർക്കും പരിക്ക്
text_fieldsഫോർട്ട്കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലെ വടംവലി മത്സരം സംഘടിപ്പിച്ചത് പരേഡ് മൈതാനത്ത് വെള്ളത്തിനു നടുവിൽ. തലേദിവസം രാത്രി പെയ്ത ശക്തമായ മഴയിൽ മത്സരം നടക്കുന്ന മൈതാനത്തെ പലയിടത്തും വെള്ളക്കെട്ടുണ്ടാകുകയായിരുന്നു. എന്നാൽ, മൈതാനത്തിന്റെ മധ്യഭാഗത്തടക്കം പലഭാഗങ്ങളിലും വെള്ളക്കെട്ടില്ലായിരുന്നു.
അതേസമയം പന്തൽ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നത് മൈതാനത്തിന്റെ കിഴക്കുഭാഗത്ത് വെള്ളക്കെട്ടിനു സമീപത്തായിരുന്നു. ഇതോടെ ഉണങ്ങിക്കിടക്കുന്ന മൈതാനത്തിന്റെ മധ്യഭാഗം ഉപേക്ഷിച്ച് നനഞ്ഞുകിടന്ന ഭാഗത്തുതന്നെ മത്സരം നടത്താൻ സംഘാടകരിൽ ചിലർ നിർദേശിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതേതുടർന്ന് മണ്ണിട്ട് മത്സരം നടത്താൻ സജ്ജമാക്കുകയായിരുന്നു. മത്സരം ആരംഭിച്ചതുമുതൽ താരങ്ങളിൽ പലർക്കും വീണ് പരിക്കേറ്റു.
രണ്ട് കുട്ടികളെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർകോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും കാസർകോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ടീമുകൾ സെമി ഫൈനലിൽ പ്രവേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.