ട്വൻറി-20 സാന്നിധ്യവും പോളിങ്ങിലെ കുറവും ബെന്നി ബഹനാന്റെ ഭൂരിപക്ഷം കുറച്ചു
text_fieldsകൊച്ചി: ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ ബെന്നി ബഹനാന്റെ ഭൂരിപക്ഷം കുറച്ചത് ട്വൻറി-20 സാന്നിധ്യവും പോളിങ്ങിലെ കുറവും മൂലം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 1,32,724 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ ഇന്നസെന്റെിനെ തോൽപിച്ചതെങ്കിൽ ഇക്കുറി 63,574 വോട്ടായി ഭൂരിപക്ഷം ചുരുങ്ങി. 2019ൽ 4,73,444 വോട്ട് ലഭിച്ചെങ്കിൽ ഇക്കുറി ബെന്നി നേടിയത് 3,94,171 വോട്ടുകളാണ്.
2019നെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ ഇത്തവണ ഇടിവുമുണ്ടായി. ഇതോടൊപ്പം ലോക്സഭ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ കിഴക്കമ്പലത്തെ ട്വൻറി-20 സാന്നിധ്യവും ബെന്നി ബഹനാന് തിരിച്ചടിയായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ 1,0,5642 വോട്ടാണ് ട്വന്റി-20 നേടിയത്.
കുന്നത്തുനാട് നിയമസഭ മണ്ഡലത്തിൽ 46,163 വോട്ടുകൾ നേടി രണ്ടാമതെത്തിയ ഇവർ ആലുവ-10,691, അങ്കമാലി-11,371, പെരുമ്പാവൂർ-17,149, കൊടുങ്ങല്ലൂർ-6560, ചാലക്കുടി-10,438, കയ്പമംഗലം-2648 എന്നിങ്ങനെ വോട്ട് നേടി. ലോക്സഭയിൽ നേരിയ വ്യത്യാസത്തിനാണ് മൂന്നാം സ്ഥാനം നഷ്ടമായത്.
പെരുമ്പാവൂർ, അങ്കമാലി മണ്ഡലങ്ങളിൽ ബി.ജെ.പിയെ പിന്തള്ളി മൂന്നാം സ്ഥാനവും കുന്നത്തുനാട്ടിൽ സിറ്റിങ് മണ്ഡലത്തിൽ സി.പി.എമ്മിനെ മൂന്നാമതാക്കി രണ്ടാമതെത്തുകയും ചെയ്തു. കുന്നത്തുനാട്ടിലടക്കം ലീഡ് നേടിയെങ്കിലും വോട്ട് കുറക്കുന്നതിൽ ട്വൻറി-20 സാന്നിധ്യം കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം, നേരത്തേ പ്രതീക്ഷിച്ചതുപോലെ ട്വന്റി-20ക്ക് വോട്ട് നേടാൻ സാധിക്കാതെയായതാണ് യു.ഡി.എഫ് വിജയത്തിൽ നിർണായകമായത്. രണ്ടു ലക്ഷത്തോളം വോട്ടുകൾ നേടുമെന്നായിരുന്നു പ്രാദേശിക കമ്മിറ്റികൾ നേതൃത്വത്തിന് നൽകിയ കണക്ക്. ഇത് കാച്ചിക്കുറുക്കി 1,60,000 വോട്ടെങ്കിലും പിടിക്കുമെന്ന വിലയിരുത്തൽ ട്വൻറി-20 നേതൃത്വത്തിനുണ്ടായി.
ട്വൻറി-20 പിടിക്കുന്ന വോട്ടുകൾ ഭൂരിപക്ഷവും കോൺഗ്രസിന്റേതാകുമെന്നും മണ്ഡലത്തിൽ അപ്രതീക്ഷിത വിജയമുണ്ടാകുമെന്നുമുള്ള പ്രതീക്ഷ ഇടതുപക്ഷത്തിനുമുണ്ടായി. എന്നാൽ, ഫലം വന്നപ്പോൾ ട്വൻറി-20 വോട്ടുകൾ 1,0,5000ൽ ഒതുങ്ങിയതാണ് ഭൂരിപക്ഷം കുറഞ്ഞെങ്കിലും ബെന്നി ബഹനാന് തുണയായത്. എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് വോട്ടുകൾ ഇവർക്ക് കിട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതേ സമയം തന്നെ ബി.ജെ.പി വോട്ടുകളിലെ ചോർച്ചയും ശ്രദ്ധേയമായിട്ടുണ്ട്.
കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ 1,54,159 വോട്ടുകൾ പിടിച്ചെങ്കിൽ ഇത്തവണ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ച ബി.ഡി.ജെ.എസിലെ കെ.എ. ഉണ്ണികൃഷ്ണന് ലഭിച്ചത് 106400 വോട്ടുകളാണ്. ഏകദേശം അരലക്ഷത്തോളം വോട്ടുകളുടെ കുറവാണുണ്ടായത്. ഈ വോട്ടുകൾ ആർക്ക് ലഭിച്ചെന്ന ചർച്ചയും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.