ഒരു മാസത്തിനിടെ പൊലിഞ്ഞത് ഇരുപതോളം ജീവൻ; മരണക്കെണിയായി റോഡുകൾ
text_fieldsകൊച്ചി: മരണക്കെണിയായി ജില്ലയിലെ നിരത്തുകൾ; ഒരു മാസത്തിനിടെ പൊലിഞ്ഞത് 20 ജീവൻ. പരിക്കേറ്റത് നൂറോളം പേർക്ക്. അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് റോഡപകടങ്ങളിലെ പ്രധാന വില്ലൻ. വാഹനപരിശോധനകളും നിയമ നടപടികളും കർശനമാക്കുമ്പോഴും ഉയരുന്ന അപകടത്തോത് ആശങ്കപ്പെടുത്തുന്നതാണ്.
ശനിയാഴ്ച ആലുവയിലുണ്ടായ വാഹനാപകടങ്ങളിൽ മാത്രം രണ്ട് ജീവനാണ് പൊലിഞ്ഞത്. വെള്ളിയാഴ്ച വല്ലാർപാടം റോഡിൽ ബൈക്ക് യാത്രികനായ യുവാവാണ് അപകടത്തിൽ മരിച്ചത്. ഇതോടൊപ്പം കാക്കനാട്ട് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കുമേറ്റിട്ടുണ്ട്. വാഹനാപകടങ്ങളിൽ പരിക്കുപറ്റിയവരുടെ എണ്ണം നൂറോളം വരും. ഇതിൽ അങ്കമാലി കരയംപറമ്പിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിമുട്ടി 18 പേരും മൂവാറ്റുപുഴ-എറണാകുളം റൂട്ടിൽ ബസുകൾ കൂട്ടിമുട്ടി 16 പേരും ജീപ്പും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പട്ടിമറ്റം വലമ്പൂരിൽ അഞ്ചുപേരും പെരുമ്പാവൂർ കാരിക്കോട് കെ.എസ്.ആർ.ടി.സി ബസും മിനിലോറിയും കൂട്ടിയിടിച്ച് ഒമ്പതുപേർക്കും പരിക്കേറ്റിട്ടുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് സംഭവിക്കുന്ന അപകടങ്ങളും വർധിക്കുന്നുണ്ട്. കാലവർഷം സജീവമാകുന്നതോടെ നിരത്തുകളിൽ വീണ്ടും അപകടത്തോത് ഉയരുമെന്നാണ് ആശങ്ക. ഇത് കണക്കിലെടുത്ത് മോട്ടോർ വാഹനവകുപ്പും പൊലീസും സുരക്ഷാനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
മഴക്കാല റോഡ് സുരക്ഷാ നിർദേശങ്ങൾ
- േബ്രക്ക്, വൈപ്പർ, ഹെഡ്ലൈറ്റ്, ഇൻഡിക്കേറ്റർ എന്നിവയുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുക.
- ടയറുകൾക്ക് ആവശ്യമായ ത്രെഡ് ഉറപ്പാക്കുക
- പഴയതും തേഞ്ഞതുമായ വൈപ്പർ മാറ്റുക.
- മലമ്പ്രദേശത്ത് ഓടുന്ന വാഹനങ്ങളിൽ ഫോഗ് ലാംപ്, പുകമഞ്ഞിൽ കാഴ്ച ലഭ്യമാകുന്ന ഉപകരണങ്ങൾ എന്നിവ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക.
- നനവുള്ള നിരത്തിൽ േബ്രക്ക് ചെയ്താൽ വാഹനം നിൽക്കാൻ കൂടുതൽ ദൂരം എടുക്കുന്നതിനാൽ വേഗം കുറച്ച് ഓടിക്കുക.
- മഴയത്ത് അമിതവേഗവും ഓവർടേക്കിങും ഒഴിവാക്കുക.
- യാത്രയിൽ മുന്നിലുള്ള വാഹനത്തിൽനിന്ന് സുരക്ഷിത അകലം പാലിക്കുക.
- കാഴ്ച മറയ്ക്കുന്ന രീതിയിൽ വെള്ളം തെറിക്കാൻ സാധ്യതയുള്ളതിനാൽ ലോറി, ട്രക്ക്, ബസ് എന്നിവയുടെ തൊട്ടു പിന്നാലെ വാഹനം ഓടിക്കരുത്.
- മഴയത്തും മഞ്ഞുവീഴ്ചയുള്ളേപ്പാഴും ഹെഡ്ലൈറ്റ് ഉപയോഗിക്കുക
- റോഡിന്റെ ദൂരക്കാഴ്ച കുറവാണെങ്കിൽ വേഗം കുറക്കുക.
- ഇടിയും മിന്നലും ഉള്ളപ്പോൾ കഴിവതും വാഹനം ഓടിക്കാതിരിക്കുക.
- കനത്ത മഴയത്ത് വാഹനം ഓടിക്കാതിരിക്കുക.
- വെള്ളക്കെട്ടുള്ള റോഡിലൂടെ ഓടിക്കുമ്പോൾ വാഹനം തെന്നിമാറാതെ ശ്രദ്ധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.