കയറ്റുമതി ബിസിനസ് പഠിപ്പിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsകൊച്ചി: കയറ്റുമതി ബിസിനസ് പഠിപ്പിച്ച് ലൈസൻസ് എടുത്ത് നൽകാമെന്നും ഉത്പന്നങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കാമെന്നും പറഞ്ഞ് കുടുംബശ്രീ അംഗങ്ങളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവും യുവതിയും സൗത്ത് പൊലീസിന്‍റെ പിടിയിൽ. എറണാകുളം കടവന്ത്ര കെ.പി വള്ളോൻ റോഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോട്ടോളാസ് ഗ്രൂപ്പ് ഓഫ് ബിസിനസ് എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് തട്ടിപ്പ് നടത്തിയത്.
സ്ഥാപന ഉടമ ചോറ്റാനിക്കര സ്വദേശി സബിൻ രാജ് (33), സഹായി എളംകുളം സ്വദേശി വൃന്ദ (39) എന്നിവരാണ് പിടിയിലായത്. മാന്നാർ സ്വദേശി ജിതിൻ മാത്യുവിന്‍റെ പരാതിയിലാണ് കേസ് എടുത്തത്. ജിതിന്‍റെ പക്കൽനിന്ന് ടി ഷർട്ട് എക്‌സ്‌പോർട് ബിസിനസ് ചെയ്യാമെന്ന് പറഞ്ഞ് പ്രതികൾ 2.14 ലക്ഷം രൂപ തട്ടി. പ്രധാനമന്ത്രിയുടെയും വാണിജ്യ മന്ത്രിയുടെയും ഫോട്ടോകൾ അച്ചടിച്ച സർക്കാർ സംരംഭമെന്ന നിലയിലാണ് പ്രതികൾ ആളുകളെ സമീപിച്ചിരുന്നത്. മൂന്നാറിൽ വെച്ചാണ് ഇവർ പിടിയിലായത്. നേരത്തെ കബളിപ്പിക്കപ്പെട്ടവർ ഇവർ സ്ഥലത്ത് എത്തിയതറിഞ്ഞ് തടഞ്ഞ് വെക്കുകയായിരുന്നു. മൂന്നാർ പൊലീസാണ് പ്രതികളെ സൗത്ത് പൊലീസിന് കൈമാറിയത്. മൂന്നാറിൽ 37 സ്ത്രീകളിൽ നിന്ന് 10 ലക്ഷം രൂപയും എറണാകുളത്തും പരിസര പ്രദേശങ്ങളിലും നിന്ന് പത്തോളം പേരിൽ നിന്ന് 25 ലക്ഷം രൂപയും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.