പൊറ്റക്കുഴിയിൽ തീപിടിച്ച് രണ്ട് കടകൾ നശിച്ചു; കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരെ ആരോപണം
text_fieldsകൊച്ചി: നഗരത്തിൽ രണ്ട് കടകൾക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് പൊറ്റക്കുഴിയിലെ മലാസ് എന്ന ജ്യൂസ് കടയും വേലിക്കകത്ത് അപ്ഹോൾസ്റ്ററി സ്ഥാപനവുമാണ് കത്തിയത്.
ഷോർട്ട് സർക്യൂട്ട് തീപിടിത്തത്തിന് വഴിവെച്ചെന്നാണ് വിലയിരുത്തൽ. ഗാന്ധിനഗർ അഗ്നിരക്ഷാസേനയിലെ രണ്ട് യൂനിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്. ജ്യൂസ് കടയിലെ ഫ്രിഡ്ജ്, ഫ്രീസർ, ഓവൻ, സ്റ്റൗവ്, ജ്യൂസ് കൗണ്ടർ, സ്റ്റോക്കുണ്ടായിരുന്ന സാധനങ്ങൾ തുടങ്ങിയവ കത്തിയതിലൂടെ മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഉടമ ഹസീന പറഞ്ഞു. ബെന്നിയുടെ ഉടമസ്ഥതയിലുള്ള അപ്ഹോൾസ്റ്ററി സ്ഥാപനത്തിലെ ഉപകരണങ്ങളടക്കം വസ്തുവകകൾ കത്തിയും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
വൈദ്യുതി വിച്ഛേദിക്കപ്പെട്ട് വിവരമറിയിച്ചപ്പോൾ എത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ ആവശ്യമായ അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് തീപിടിത്തത്തിന് വഴിവെച്ചതെന്ന് കടയുടമകൾ ആരോപിച്ചു.
ചൊവ്വാഴ്ച രാത്രി എട്ടോടെ കടയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. വിവരം കലൂർ കെ.എസ്.ഇ.ബി ഓഫിസിൽ അറിയിച്ചെങ്കിലും ഒറ്റപ്പെട്ട സംഭവമായതിനാൽ ഇപ്പോൾ നോക്കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒടുവിൽ ടി.ജെ. വിനോദ് എം.എൽ.എ മുഖേന എക്സി. എൻജിനീയറെ വിളിച്ച് അറിയിച്ചതോടെയാണ് ജീവനക്കാർ എത്തിയത്. എന്നാൽ, പോസ്റ്റിലേക്ക് ടോർച്ച് തെളിച്ച് നോക്കി സർവിസ് വയർ കരിഞ്ഞുപോയിട്ടുണ്ടെന്ന് അറിയിച്ചതല്ലാതെ പ്രശ്നം പരിഹരിക്കാൻ അവർ ശ്രമിച്ചില്ലെന്ന് ഹസീന ‘മാധ്യമ’ത്തോട് പറഞ്ഞു.
എം.എൽ.എയെക്കൊണ്ട് വിളിപ്പിച്ചതല്ലേ, രാവിലെ ഓഫിസിലേക്ക് വരൂ എന്ന തരത്തിൽ നിഷേധാത്മക മറുപടിയാണുണ്ടായത്. തങ്ങൾ കടപൂട്ടി വീട്ടിലേക്ക് പോയശേഷം രണ്ടോടെ തീ ഉയരുന്നുവെന്ന വിവരം ലഭിച്ചു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി തീവ്രപരിശ്രമം നടത്തിയാണ് തീയണച്ചത്.
സർവിസ് വയറിൽ നിന്ന് തീ പടർന്ന് കടയിലേക്ക് വ്യാപിക്കുകയായിരുന്നു.
കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥക്കെതിരെ ടി.ജെ. വിനോദ് എം.എൽ.എയും രംഗത്തെത്തി. കടകൾ സന്ദർശിച്ച അദ്ദേഹം ഉദ്യോഗസ്ഥ അലംഭാവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബിയും വിശദ അന്വേഷണം നടത്തുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.