അങ്ങനെയങ്ങ് മുന്നോട്ടുപോവാനാവില്ല; തമ്മനം-പുല്ലേപ്പടി റോഡിൽ ഇനി യു-ടേൺ എടുക്കണം
text_fieldsകൊച്ചി: സ്റ്റേഡിയം ലിങ്ക് റോഡും തമ്മനം-പുല്ലേപ്പടി റോഡും തമ്മിൽ ചേരുന്ന ഭാഗത്ത് പുതിയ യു-ടേൺ പരിഷ്കാരത്തിന് തുടക്കമായി. ഈ ജങ്ഷനിൽ രാവിലെയും വൈകീട്ടുമുള്ള തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പുതിയ പരിഷ്കാരം സിറ്റി ട്രാഫിക് ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. നിലവിൽ പരീക്ഷണ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്നും ഒരാഴ്ചക്കുശേഷം തടസ്സങ്ങൾ വല്ലതുമുണ്ടെങ്കിൽ പരിഷ്കരിച്ച് പൂർണതോതിൽ നടപ്പാക്കുമെന്നും ഈസ്റ്റ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 9.30നാണ് ഗതാഗത പരിഷ്കാരം ആരംഭിച്ചത്.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എറണാകുളത്തുനിന്ന് കാക്കനാട് ഭാഗത്തേക്കും തിരിച്ചും നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന റോഡാണ് തമ്മനം-പുല്ലേപ്പടി റോഡ്. ഇതോടൊപ്പം വൈറ്റില, പാലാരിവട്ടം തുടങ്ങിയ ഭാഗങ്ങളിലേക്കും ഇതുവഴി നിരവധിയാളുകൾ പോവുന്നുണ്ട്. പാലാരിവട്ടം പൈപ് ലൈൻ റോഡിൽനിന്ന് എം.ജി റോഡിലേക്കും കടവന്ത്ര ഭാഗത്തേക്കും ധാരാളം വാഹനങ്ങൾ ഇതുവഴി കടന്നുപോവുന്നു. ഇതിനാൽ തന്നെ രാവിലെയും വൈകീട്ടും ഈ ജങ്ഷനിൽ വലിയ കുരുക്ക് അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് കുരുക്കൊഴിവാക്കുക എന്ന ലക്ഷ്യവുമായി ഇവിടെ യു-ടേൺ പരിഷ്കാരം ഏർപ്പെടുത്തിയത്.
കൂടാതെ, ഉടൻ തുടങ്ങാനിരിക്കുന്ന കാക്കനാട് മെട്രോ മുന്നൊരുക്ക ജോലികളുടെ ഭാഗമായി പ്രധാന റോഡിൽ തിരക്ക് കൂടുമ്പോൾ കൂടുതൽ പേർ തമ്മനം പുല്ലേപ്പടി റോഡിലൂടെ പുതിയ റോഡ് ബൈപാസിൽ പ്രവേശിച്ച് പോവാനുള്ള സാധ്യതയും മുന്നിൽക്കണ്ടാണ് സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരമുള്ള ട്രാഫിക് വിഭാഗത്തിന്റെ പുതിയ പരിഷ്കാരം. നിലവിൽ ട്രാഫിക് കോണും റിബണുമാണ് വെച്ചിട്ടുള്ളതെങ്കിലും ബാരിക്കേഡ് വൈകാതെ സ്ഥാപിക്കും.
നിലവിൽ എറണാകുളം ഭാഗത്തുനിന്ന് തമ്മനത്തേക്ക് പോകുന്ന വണ്ടികൾ സ്റ്റേഡിയം ലിങ്ക് റോഡ്-തമ്മനം പുല്ലേപ്പടി റോഡ് ജങ്ഷനിൽനിന്ന് നേരിട്ടുപോകാതെ 70 മീറ്റർ ഇടത്തോട്ട് നീങ്ങി യു-ടേൺ എടുത്ത് പോകുന്ന രീതിയിലാണ് ക്രമീകരണമുള്ളത്. സമാന രീതിയിൽ തമ്മനം ഭാഗത്തുനിന്ന് സ്റ്റേഡിയം ഭാഗത്തേക്ക് പോകുന്നവരും 50 മീറ്റർ മുന്നോട്ടു വന്ന് യു-ടേണെടുത്ത് പോവേണ്ടി വരും. സ്റ്റേഡിയം ലിങ്ക് റോഡ് ഭാഗത്തുനിന്ന് വരുന്നവർക്ക് രണ്ടുഭാഗത്തേക്കും സ്വതന്ത്രമായി പോകാം. ട്രാഫിക് ഇൗസ്റ്റ് എസ്.ഐയുടെ നേതൃത്വത്തിൽ ജങ്ഷനിൽ വാഹനങ്ങൾക്ക് മാർഗനിർദേശം നൽകാനെത്തി. ഒരാഴ്ച യാത്രക്കാർക്ക് യു-ടേൺ പരിഷ്കാരം പരിചയമാവും വരെ പൊലീസിന്റെ സേവനമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.