എറണാകുളം ജില്ലയിൽ പിടിച്ചുനിന്ന് യു.ഡി.എഫ്
text_fieldsകൊച്ചി: സംസ്ഥാനത്ത് വീശിയടിച്ച ഇടതുതരംഗത്തിനിടയിലും ജില്ലയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്ന ആശ്വാസത്തിൽ യു.ഡി.എഫ്. 2016ലെ യു.ഡി.എഫ്- ഒമ്പത്, എൽ.ഡി.എഫ്- അഞ്ച് എന്ന നില ജില്ലയിൽ തുടർന്നു.
യു.ഡി.എഫിൽനിന്ന് കുന്നത്തുനാട്, കളമശ്ശേരി മണ്ഡലങ്ങൾ എൽ.ഡി.എഫ് പിടിച്ചപ്പോൾ തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നിവ തിരിച്ചും പിടിച്ചു. പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ, എറണാകുളം, തൃക്കാക്കര, പിറവം എന്നിവ നിലനിർത്താനായെന്ന് ജില്ല യു.ഡി.എഫ് നേതൃത്വത്തിന് ആശ്വസിക്കാം.
കോതമംഗലം, വൈപ്പിൻ, കുന്നത്തുനാട്, കളമശ്ശേരി മണ്ഡലങ്ങൾ നഷ്ടപ്പെടുമെന്ന് തെരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫ് ജില്ല നേതൃയോഗം വിലയിരുത്തിയിരുന്നു. ഇതിനൊപ്പം കൊച്ചിയും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നത് കോൺഗ്രസിന് തിരിച്ചടിയായി.
കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലങ്ങളായി യു.ഡി.എഫ് വിലയിരുത്തിയിരുന്നത് പറവൂരും ആലുവയുമായിരുന്നു. പറവൂരിൽ 21,301, ആലുവയിൽ 18,884 എന്നിങ്ങനെ ഭൂരിപക്ഷം നേടുകയും ചെയ്തു. പിറവം-25,364, അങ്കമാലി- 15,929, തൃക്കാക്കര- 14,329 എന്നിങ്ങനെ ലഭിച്ചതാണ് എടുത്തുപറയാവുന്ന മറ്റ് വിജയം.
കുന്നത്തുനാട്ടിൽ ട്വൻറി20 ഫാക്ടർ യു.ഡി.എഫിെൻറ പരാജയത്തിനുതന്നെ കാരണമായി. 3000-5000 വോട്ടുകളോടെ അവിടെ വിജയിക്കുമെന്ന് ജില്ല നേതൃത്വം പ്രതീക്ഷ പുലർത്തിയെങ്കിലും 2815 വോട്ടിന് വി.പി. സജീന്ദ്രൻ സി.പി.എമ്മിലെ പി.വി. ശ്രീനിജിനോട് തോറ്റു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ട്വൻറി20 പിടിച്ച വോട്ടുകൾ ഇക്കുറി അവർക്ക് ലഭിക്കില്ലെന്നാണ് വിലയിരുത്തിയതെങ്കിലും തെറ്റി.
കൊച്ചിയിലും ട്വൻറി20 പിടിച്ച വോട്ടുകൾ യു.ഡി.എഫിെൻറ വിജയപ്രതീക്ഷ തെറിപ്പിച്ചു. ഷൈനി ആൻറണി 19,550 വോട്ട് പിടിച്ചപ്പോൾ ടോണി ചമ്മണിയെ 14,108 വോട്ടിനാണ് സി.പി.എമ്മിലെ കെ.ജെ. മാക്സി തോൽപിച്ചത്. തൃപ്പൂണിത്തുറയിൽ 10,000ത്തിന് അരികിൽ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചതെങ്കിലും കിട്ടിയത് 992 മാത്രം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലേക്ക് പോയ കോൺഗ്രസ് വോട്ടുകളിൽ ചെറിയ ഭാഗം മാത്രമാണ് ഇക്കുറി തിരിച്ചുകിട്ടിയതെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ പ്രചാരണം ഗുണംചെയ്തെങ്കിലും തീരദേശ മണ്ഡലങ്ങളിൽ ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം ഏശിയില്ലെന്ന് വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.