സിവിൽ സ്റ്റേഷനിൽ അനധികൃത പാർക്കിങ് വിവാദം: പ്രതിഷേധവുമായി ജീവനക്കാർ
text_fieldsകാക്കനാട്: സിവിൽ സ്റ്റേഷനിൽ ഇരുചക്രവാഹനങ്ങൾക്കെതിരെ അനധികൃത പാർക്കിങ് ചൂണ്ടിക്കാട്ടി നടപടിയെടുത്ത സംഭവത്തിൽ ജില്ല ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ജീവനക്കാർ.
ബദൽ സംവിധാനങ്ങൾ ഒരുക്കാതെ വാഹനങ്ങൾക്കും ഉടമകളായ ജീവനക്കാർക്കുമെതിരെ നടപടിയെടുത്തത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ സർവിസ് സംഘടനയായ എൻ.ജി.ഒ അസോസിയേഷൻ വ്യക്തമാക്കി. അതേസമയം, സർക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് അനധികൃതമായി വാഹനം നിർത്തിയിട്ടതിന് വെള്ളിയാഴ്ച രണ്ടുപേർക്കെതിരെ നടപടിയെടുത്തു. ഇരുവരുടെയും വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പൂട്ടുകയായിരുന്നു. സിവിൽ സ്റ്റേഷനിലെ രണ്ടു ബ്ലോക്കിനും ഇടയിലെ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത ജീവനക്കാർക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു.
പത്തോളം പേരിൽനിന്ന് പിഴ ഈടാക്കുകയും കഴിഞ്ഞ ദിവസം ഒരാളുടെ വാഹനത്തിൽ കത്രികപ്പൂട്ടിടുകയും ചെയ്തിരുന്നു. തീപിടിത്തംപോലുള്ള അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള ഫയർ ഹൈഡ്രന്റിന് മുന്നിൽ നിർത്തിയിട്ടു എന്ന പേരിലായിരുന്നു നടപടി സ്വീകരിച്ചത്. ജില്ല ഭരണകൂടത്തിെൻറ നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ആയിരുന്നു ഇത് ചെയ്തത്.
അസോസിയേഷൻ ജില്ല കമ്മിറ്റി കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. വാഹനങ്ങൾ വെക്കുന്നതിന് കേന്ദ്രീകൃത സംവിധാനം നിലവിലില്ലാത്തതാണ് ഇവിടെ നിർത്തിയിടുന്നതിന് കാരണമെന്ന് പരാതിയിൽ പറയുന്നു. നേരത്തേ മൂന്നുവരിയായി ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന ഈ ഭാഗത്തേക്ക് മറ്റു സർക്കാർ വാഹനങ്ങൾ കൊണ്ടുവരാൻ തുടങ്ങിയതോടെയാണ് ഈ അവസ്ഥ വന്നതെന്ന് പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കി 2021 സെപ്റ്റംബർ രണ്ടിന് എ.ഡി.എമ്മിന് നിവേദനം നൽകുകയും ചെയ്തു. അന്ന് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഷെഡ് നിർമിക്കാൻ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കി.അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജില്ല ഭരണകൂടത്തിന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.