ദേശീയപാതയിലെ അടിപ്പാതകൾ: വർഷം രണ്ട് കഴിഞ്ഞിട്ടും സാധ്യതാപഠന റിപ്പോർട്ടും എസ്റ്റിമേറ്റും ആയില്ല
text_fieldsപറവൂർ: മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരിപ്പാത നിർമിക്കുമ്പോൾ ജനങ്ങളുടെ സൗകര്യാർഥം 12 അടിപ്പാതകൾകൂടി നിർമിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിർദേശത്തിൽ ചിലത് രണ്ട് വർഷമായിട്ടും പരിഗണിക്കാതെ ദേശീയപാതവിഭാഗം.
2022 ഒക്ടോബർ 31ന് പറവൂർ ടി.ബിയിൽ പ്രതിപക്ഷ നേതാവിന്റെ അധ്യക്ഷതയിൽ കൂടിയ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം അടിപ്പാത സംബന്ധിച്ച് സാധ്യതാ പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും പഠനത്തോടൊപ്പം എസ്റ്റിമേറ്റ് തയാറാക്കാനും തീരുമാനിച്ചിരുന്നു. എം.പിയും നഗരസഭാ ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.
24 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ മൂത്തകുന്നത്തും വരാപ്പുഴ പുത്തൻപള്ളിയിലും മാത്രമാണ് അടിപ്പാത ഉൾപ്പെടുത്തിയിരുന്നത്. കൂടുതൽ അടിപ്പാതകൾ ഇല്ലാതിരുന്നാൽ യാത്രാതടസ്സം ഉൾപ്പെടെയുള്ള വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് പരിഹാരം തേടിയത്.
പഞ്ചായത്ത് പ്രസിഡന്റുമാർ കൂടുതൽ സ്ഥലങ്ങളിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രായോഗികമല്ലെന്ന് ദേശീയപാത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് സമർപ്പിച്ച 12 അടിപ്പാതകളുടെ ഫയൽ കൊച്ചിയിലെ പ്രോജക്ട് ഓഫിസിൽനിന്ന് തിരുവനന്തപുരത്തെ റീജനൽ ഓഫിസിലേക്ക് അയച്ചിരുന്നു. പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തിൽ പഠനം നടത്തി, എസ്റ്റിമേറ്റ് തയാറാക്കിയശേഷം അനുമതിക്കായി ഫിസിബിലിറ്റി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനുശേഷമേ അംഗീകാരം നൽകൂ.
എന്നാൽ, സാധ്യതാപഠനം തുടരുന്നുവെന്ന സ്ഥിരം മറുപടിയാണ് രണ്ടുവർഷമായി ജനപ്രതിനിധികൾക്കും മറ്റും ദേശീയപാത അധികൃതർ നൽകുന്നത്. ഇതിനിടയിൽ, പല സ്ഥലത്തും അടിപ്പാതക്കായി ജനങ്ങൾ സംഘടിച്ച് സമരം നടത്തിവരുന്നുണ്ട്. മൂത്തകുന്നം കുര്യാപ്പിള്ളി കവല, പട്ടണം കവല, കൂനമ്മാവ് പള്ളിക്കടവ് റോഡ്, ചെമ്മായം റോഡ്, ചേരാനല്ലൂർ തൈക്കാവ് ഗവ. എൽ.പി.എസ് റോഡ് എന്നിവിടങ്ങളിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് പ്രാദേശികമായ സമരസമിതികൾ പ്രക്ഷോഭത്തിലാണ്.
അതിനിടെ, വിവരാവകാശ നിയമപ്രകാരം പട്ടണം ജനകീയ സമരസമിതി നൽകിയ അപേക്ഷയിൽ പട്ടണം കവലയിൽ അടിപ്പാത അനുവദിച്ചതായി പറയുന്നു. എന്നാൽ, അടിപ്പാതയുടെ നീളം, വീതി, അലൈൻമെൻറ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഫിസിബിലിറ്റി പഠനം തുടരുകയാണെന്നാണ് പ്രോജക്ട് ഡയറക്ടറുടെ മറുപടിക്കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.