ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടലുകൾ; തടയാനൊരുങ്ങി കോർപറേഷൻ
text_fieldsകൊച്ചി: കോർപറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടലുകൾ വർധിക്കുന്നതിനെതിരെ പരാതിയുമായി കൗൺസിൽ യോഗം. വൻകിട കെട്ടിടങ്ങൾക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ നമ്പർ നൽകുന്നതും മറ്റും സംബന്ധിച്ച് പി.എസ്. വിജുവാണ് ഈ വിഷയമുന്നയിച്ചത്. ഉദ്യോഗസ്ഥർ അനധികൃത ഇടപാടുകൾക്ക് കൂട്ടുനിൽക്കുന്നതായും ഇത്തരക്കാരെ കണ്ടെത്തി ശമ്പളം തടഞ്ഞുവെക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന് മറുപടിയായി, അനധികൃത ഇടപെടലുകൾക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മേയർ എം. അനിൽകുമാർ വ്യക്തമാക്കി. ഉദ്യോഗസ്ഥരെ സംബന്ധിച്ച് വരുന്ന പരാതികളെല്ലാം ഒപ്പിട്ട് വിജിലൻസിന് കൈമാറാനാണ് തീരുമാനമെന്നും മേയർ കൂട്ടിച്ചേർത്തു.
കൊച്ചിക്കും വേണം, കരുതൽ
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിലെ വൻ വെള്ളക്കെട്ട് മൂലമുണ്ടാകുന്ന ദുരന്തസാധ്യതയും കണക്കിലെടുക്കണമെന്ന് കൗൺസിലിൽ ആവശ്യമുയർന്നു. കൊച്ചി നഗരത്തെ സംബന്ധിച്ച് ഇത്തരം നിർദേശങ്ങൾ അവഗണിക്കരുതെന്ന് ആന്റണി പൈനുതറ ചൂണ്ടിക്കാട്ടി.
ഇത്തരം ദുരന്തങ്ങൾ വന്നാൽ എന്തുചെയ്യണമെന്ന പ്രോട്ടോകോൾ ഇല്ലെന്നും പ്രകൃതിദുരന്തം വരുമ്പോഴാണ് നാം ഇതേക്കുറിച്ച് ചിന്തിക്കുന്നതെന്നും ഹെൻട്രി ഓസ്റ്റിൻ ചൂണ്ടിക്കാട്ടി. കൊച്ചിക്കായി നടപ്പാക്കുന്ന മാസ്റ്റർ പ്ലാനനുസരിച്ചുള്ള ലോക്കൽ ഏരിയ പ്ലാനിൽ പരിസ്ഥിതി വിഷയങ്ങൾകൂടി പരിഗണനയിലെടുക്കുമെന്ന് മേയർ പറഞ്ഞു.
തെരുവുനായ്ക്കളെ കൊണ്ട് രക്ഷയില്ല
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പൊറുതിമുട്ടിയ ജനത്തിന്റെ ദുരിതം വിവരിച്ച് കൗൺസിലർമാർ. എ.ബി.സി പ്രോജക്ട് കാര്യക്ഷമമല്ലെന്ന് പലരും പരാതിപ്പെട്ടു. പദ്ധതിയിലൂടെ വന്ധ്യംകരിച്ച പട്ടികൾപോലും ജനങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ആക്രമണകാരികളായ പട്ടികളെ പാർപ്പിക്കാൻ പ്രത്യേക ഇടമൊരുക്കണമെന്നും തമ്മനം കൗൺസിലർ സക്കീർ തമ്മനം ചൂണ്ടിക്കാട്ടി.
പട്ടിപിടിത്തം പകൽ മാത്രമാണ് നടക്കുന്നതെന്നും എന്നാൽ, രാത്രിയിലാണ് കൂടുതൽ ആക്രമണകാരികളായ നായ്ക്കളുണ്ടാവുന്നതെന്നും ഇവയെ പിടിക്കാൻ നടപടിയില്ലെന്നും ഹെൻട്രി ഓസ്റ്റിൻ ചൂണ്ടിക്കാട്ടി. എ.ബി.സി പദ്ധതി സംബന്ധിച്ച് കൗൺസിലിൽ ചർച്ചചെയ്ത കാര്യങ്ങൾ ഗൗരവതരമായി എടുക്കുന്നുവെന്നും ഇക്കാര്യത്തിൽ ആരോഗ്യ സമിതി ചെയർമാനുമായി ആലോചിച്ച് കൂടുതൽ തീരുമാനമെടുക്കുമെന്നും മേയർ മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.