നഗരമാലിന്യം ഒഴുകിയെത്തുന്നു പരിസ്ഥിതി പ്രശ്നത്തിൽ മംഗളവനം
text_fieldsകൊച്ചി: പരാതികളേറെ ഉയർന്നിട്ടും മാറ്റമില്ലാതെ നഗരമാലിന്യം മംഗളവനത്തിലേക്കൊഴുകുന്നു. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന മാലിന്യം നിറഞ്ഞ ഡ്രെയ്നേജാണ് മംഗളവനത്തിനുള്ളിലെ നീർച്ചാലിലേക്കെത്തുന്നത്. മാലിന്യം ഇവിടേക്ക് എത്തുന്നത് തടയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇനിയും നടപടിയുണ്ടായിട്ടില്ല. നഗരത്തിലെ അഴുക്കുചാലുകളിൽ കാണുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത് ഉൾപ്പെടെയുള്ള മാലിന്യമാണ് ദുർഗന്ധം വമിച്ച് ഇവിടെയെത്തുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ഇതിൽപെടും. ഇത് നീർച്ചാലിലേക്ക് കലരുന്നത് ഇവിടുത്തെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാണ്. ഇവിടെയെത്തുന്ന ദേശാടന പക്ഷികളുടെയടക്കം ജീവന് ഹാനികരമാകും വിധമാണ് മാലിന്യം പതിക്കുന്നത്. നീർച്ചാലിൽ മാലിന്യം കലരുന്നത് പക്ഷികൾ ആഹാരമാക്കുന്ന വെള്ളത്തിലെ സൂക്ഷ്മ ജീവികളെയടക്കം ഇല്ലാതാക്കും. ദേശാടനക്കിളികളുടെയടക്കം വരവ് കുറക്കുന്നതിനും അവയുടെ നാശത്തിനും ഇത് വഴിവെക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നു.
നഗരഹൃദയത്തിൽ ഹൈകോടതിക്കുസമീപം 2.74 ഹെക്ടർ ഭൂമിയിലാണ് മംഗളവനം സ്ഥിതി ചെയ്യുന്നത്. 5.5 ഏക്കറോളം ചതുപ്പ് ഭൂമിയാണ് ഇവിടെയുള്ളത്. 2004ൽ നിലവിൽ വന്ന മംഗളവനം പക്ഷിസങ്കേതം സംസ്ഥാന വനംവകുപ്പിനുകീഴിലെ സംരക്ഷിത പ്രദേശമാണ്. കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതമാണിതെന്നതും പ്രത്യേകതയാണ്. ഇതിനുള്ളിലെ വ്യത്യസ്തതരം കണ്ടലുകൾ മംഗളവനത്തിന്റെ സ്വത്താണ്. ഇതടക്കം അപൂർവ സസ്യങ്ങളും ഇവിടെയുണ്ട്. 2006 മേയിൽ നടത്തിയ ഒരു സർവേപ്രകാരം ഇവിടെ 32 ഇനങ്ങളിലുള്ള 194 ലധികം പക്ഷികളുള്ളതായി കണക്കാക്കപ്പെടുന്നു. 72 തരം പക്ഷികൾ, 17 ഇനം ചിത്രശലഭങ്ങൾ തുടങ്ങിയ ഇവിടെയുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കൂടാതെ, 51 തരം വിവിധ വർഗത്തിൽപെട്ട ചിലന്തികളും ഉണ്ട്.
ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന മാലിന്യം ഇവിടേക്ക് ഒഴുകിയെത്തുന്നത് ഇവയുടെയൊക്കെ നാശത്തിന് വഴിവെക്കും. 2015 മുതൽ മാലിന്യത്തെക്കുറിച്ച് ആരോപണങ്ങൾ ഉയരുന്നുണ്ട്. എറണാകുളം നോർത്ത് മുതൽ ആരംഭിക്കുന്ന ഡ്രെയ്നേജാണ് ഇവിടേക്ക് എത്തുന്നത്. കാലാകാലങ്ങളിൽ കൃത്യമായി ചളി നീക്കാത്തതിനാൽ മംഗളവനത്തിലെ ഫീഡർ കനാലിൽ കായൽജലം കയറിയിറങ്ങുന്നതിന് തടസ്സവും നേരിടുന്നു. മാലിന്യ പ്രശ്നം ഇവിടെയെത്തുന്ന വിദേശസഞ്ചാരികളുടെയടക്കം വിമർശനത്തിന് വഴിവെക്കും. പ്രശ്നം പരിഹരിക്കുന്നതിന് കാലങ്ങളായി പ്രയത്നിക്കുകയാണെന്ന് റിട്ട. ജസ്റ്റിസ് കെ. സുകുമാരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സർക്കാറിനും കോർപറേഷനും ചെലവൊന്നുമില്ലാതെ പരിഹരിക്കാൻ പദ്ധതി തയാറാക്കിയിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.