മനസ്സുകളിൽ ഹൗസ്ഫുൾ ഓർമയാണ്കിഴക്കമ്പലത്തെ 'ഉഷ'
text_fieldsകിഴക്കമ്പലം: ശുഭകരമല്ലാത്ത ക്ലൈമാക്സിലാണ് കിഴക്കമ്പലത്തെ ഉഷ തിയറ്ററെങ്കിലും ഓർമകൾക്കിന്നും ഹൗസ്ഫുൾ റിലീസിെൻറ ആരവമാണ്.
1966 നവംബര്‍ 10ന് കാവ്യമേള ചലച്ചിത്രം പ്രദര്ശിപ്പിച്ചകാലം മുതല്‍ തിയറ്ററുമായി അഭേദ്യബന്ധം പുലര്ത്തിയിരുന്നവര്ക്ക് പറയാനുള്ളത് മധുരിക്കുന്ന ഓർമകളാണ്.
തിയറ്റർ ഉടമയായിരുന്ന ചേര്‍ത്തല സ്വദേശി മേനോന്, ഓപറേറ്ററായിരുന്ന സമീപവാസി ഉലഹന്നാന്, ആഴ്ചയിലൊരിക്കല്‍ സിനിമയുടെ പേര് അറിയിക്കുന്നതിനു ഉന്തുവണ്ടിയില്‍ ഇരുവശത്തേക്കും കാണത്തക്കവിധത്തില്‍ വലിയ പ്ലക്കാര്‍ഡുമേന്തി കിഴക്കമ്പലം, പള്ളിക്കര പ്രദേശങ്ങളില്‍ ചെണ്ടകൊട്ടി നടന്ന് അറിയിച്ചിരുന്ന പള്ളിക്കര സ്വദേശി സായ്പ്പ് എന്ന സായും പഴന്തോട്ടം സ്വദേശി കൃഷ്ണനും പഴമക്കാര്‍ക്ക് ഇന്നും മറക്കാനാകാത്ത ഓര്‍മകളാണ്. തിയറ്ററിനു മുന്നില്‍ മുറുക്കാനും ബീഡി, സിഗരറ്റ് എന്നിവ വിറ്റിരുന്ന കുര്യന് ചേട്ടന്, തിയറ്ററില്‍ കപ്പലണ്ടി വിറ്റിരുന്ന മത്തായിയും ചെറിയാനും ജനമനസ്സുകളിലുള്ളവരാണ്. ഇന്ന് ഇവരില്‍ പലരും മണ്മറഞ്ഞുപോയി.
സിനിമ തുടങ്ങാന്‍ താമസിച്ചാല്‍ കൂക്കിവിളി ഉയരുന്നതും സിനിമ കാണുന്നതിനിടെ വൈദ്യുതി മുടങ്ങുമ്പോഴുയരുന്ന ബഹളവും പ്രദര്‍ശനം നടക്കുന്നതിനിടെ പുകവലിക്കുവരെ പിടികൂടാന്‍ വാതില്ക്കല്നിന്ന് പരിശോധന നടത്തുന്ന കാക്കി നിക്കര്ധാരികളായ പൊലീസുകാരും ഓര്‍മയില്‍നിന്ന് മറഞ്ഞിട്ടില്ല.
സിനിമക്കിടെ കപ്പലണ്ടി വില്ക്കുന്നവരുടെ തല സ്ക്രീനില്‍ മറയായിക്കാണുമ്പോഴുള്ള കൂക്കിവിളിയും പലർക്കും രസകരമായ അനുഭവങ്ങളാണ്. പണമില്ലാത്ത കാരണത്താല്‍ സിനിമ കാണാന്‍ നിവൃത്തിയില്ലാതെ ചെക്കറെ കബളിപ്പിച്ച് ഇൻറര്‍വെല്ലില്‍ കയറിക്കൂടിയിരുന്നവർക്കും ഓലമറക്കിടയിലൂടെ നോക്കി സിനിമ കണ്ടിരുന്നവര്‍ക്കും ഉഷയെ മറക്കാനാകുന്നില്ല.
കാലം മാറിയതോടെ സമീപപ്രദേശങ്ങളില്‍ ആധുനികസംവിധാനങ്ങളോടെ തിയറ്ററുകള്‍ ഉയര്‍ന്നതോടെ ഓലക്കെട്ടിടമായ ഉഷ തിരകൾക്ക് പിന്നിലേക്ക് മായുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.