കുത്തിവെക്കാൻ സൂചിയില്ലാത്തതിനാൽ കൊച്ചിയിൽ വാക്സിനേഷൻ മുടങ്ങി
text_fieldsമട്ടാഞ്ചേരി: കുത്തിവെക്കാൻ സൂചിയില്ലാത്തതിനാൽ കൊച്ചി കോർപറേഷൻ പരിധിയിൽ കോവിഡ് വാക്സിനേഷൻ തടസ്സപ്പെട്ടു. പൊതുജനങ്ങളുമായി ഏറ്റവും അധികം ഇടപഴകുന്ന നഗരപരിധിയിലെ ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവർക്കുള്ള സ്പെഷൽ വാക്സിനേഷൻ ഡ്രൈവും കോവിഷീൽഡ് സെക്കൻഡ് ഡോസ് വാക്സിൻ എടുക്കേണ്ടവർക്ക് സ്പോട്ട് രജിസ്ട്രേഷൻ വാക്സിനേഷനുമാണ് കോർപറേഷെൻറയും ആരോഗ്യ വകുപ്പിെൻറയും അനാസ്ഥ മൂലം തടസ്സപ്പെട്ടത്.
ഞായറാഴ്ച രാത്രി വൈകിയാണ് വാക്സിനേഷൻ മാറ്റിവെച്ചതായി കൗൺസിലർമാർക്ക് അറിയിപ്പ് ലഭിച്ചത്. ഇതിനകം തന്നെ കൗൺസിലർമാർ വാക്സിൻ എടുക്കേണ്ടവർക്ക് അറിയിപ്പ് നൽകിയിരുന്നു. രാവിലെ വാക്സിനേഷൻ മാറ്റി വെച്ചത് അറിയാതെ കേന്ദ്രങ്ങളിൽ എത്തിയവർ ഇവിടം പൂട്ടിക്കിടക്കുന്നത് കണ്ട് നിരാശരായി മടങ്ങി.
വാക്സിനേഷൻ നൽകാൻ നഗരസഭ കോഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിരുന്നെങ്കിലും സിറിഞ്ച് ഇല്ലെന്ന് മേയർ അറിയിച്ചതിനെ തുടർന്ന് വാക്സിനേഷൻ ക്യാമ്പ് മാറ്റി െവക്കുകയായിരുന്നുവെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ പറഞ്ഞു. കേന്ദ്ര സർക്കാർ വാക്സിനും സിറിഞ്ചും ഒരുമിച്ചാണ് നൽകുന്നതെന്നിരിക്കെ നഗരസഭയുടെ കൈവശമുള്ള അയ്യായിരത്തോളം വാക്സിനുള്ള സിറിഞ്ച് എവിടെ പോയെന്ന് മേയർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഫോർട്ട്കൊച്ചി സൗത്ത് മണ്ഡലം കമ്മിറ്റി പ്രതീകാത്ക വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
ഫോർട്ട്കൊച്ചി പള്ളത്ത് രാമൻ വാക്സിൻ കേന്ദ്രത്തിലാണ് സമരം സംഘടിപ്പിച്ചത്. കോൺഗ്രസ് കൊച്ചി നോർത്ത് േബ്ലാക്ക് ജനറൽ സെക്രട്ടറി ഷമീർ വളവത്ത് ഉദ്ഘാടനം ചെയ്തു. ആർ. ബഷീർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.ഡി. വിൻസെൻറ്, സി.പി. ആൻറണി, ശുഹൈബ്, സുജിത്ത് മോഹനൻ, മുഹമ്മദ് ഹിജാസ്, പ്രശാന്ത് എൽ. ഷെട്ടി, ഇ.എ. ഹാരിസ്, നിജാസ്നിസാർ, ഷഫീഖ്, റിനീഷ് എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.