മൂന്ന് നാട്ടുവഴി; ഗ്രാമവണ്ടിയിലെത്തിയത് 52.86 ലക്ഷം വരുമാനം
text_fieldsകൊച്ചി: മൂന്ന് നാട്ടുവഴികളിലൂടെ ഗ്രാമവണ്ടികൾ ഓടിയെത്തിയപ്പോൾ സ്വന്തമാക്കാനായത് 52.86 ലക്ഷം രൂപയുടെ ടിക്കറ്റ് വരുമാനം. എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ, ആലുവ യൂനിറ്റുകളിൽനിന്ന് ചേന്ദമംഗലം, ഏലൂർ, ശ്രീമൂലനഗരം, കീഴ്മാട് എന്നിവിടങ്ങളുമായി ബന്ധപ്പെട്ടാണ് സർവിസുകൾ.
കീഴ്മാട് സർവിസ് ജൂൺ 12നാണ് ആരംഭിച്ചത്. ഈ സർവിസിന്റെ കലക്ഷൻ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതത് മേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നാണ് ഗ്രാമവണ്ടികൾ സർവിസ് നടത്തുന്നത്. സർവിസ് നടത്തുന്ന ബസുകൾക്ക് ഡീസലിനുള്ള തുക തദ്ദേശ സ്ഥാപനങ്ങളാണ് നൽകുക. ഡീസൽ ചെലവ് തുക തദ്ദേശ സ്ഥാപനങ്ങൾ അനുവദിച്ചത് കൂടി ചേർക്കുമ്പോൾ ആകെ 85.18 ലക്ഷം രൂപയാണ് ആകെ കലക്ഷൻ. അതേസമയം, കൂടുതൽ പ്രദേശങ്ങളിലേക്ക് ഗ്രാമവണ്ടി സർവിസുകൾ നടത്താൻ ആലോചനയില്ലെന്നാണ് ഗതാഗതവകുപ്പ് വ്യക്തമാക്കുന്നത്.
യാത്രകളിങ്ങനെ...
ആലുവ കെ.എസ്.ആർ.ടി.സി യൂനിറ്റിന് കീഴിൽ സർവിസ് നടത്തുന്ന ഏലൂർ ഗ്രാമവണ്ടി ആലുവ, കളമശ്ശേരി, പാതാളം, ഏലൂർ മേത്താനം എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കീഴ്മാട് ഗ്രാമവണ്ടി കുട്ടമശ്ശേരി, ചൂണ്ടി, മോസ്കോ, നാലാംമൈൽ എന്നിങ്ങനെ പ്രദേശങ്ങളിലൂടെയാണ് സർവിസ് നടത്തുന്നത്. ശ്രീമൂലനഗരം ബസ് പെരുമ്പാവൂർ, ശ്രീമൂലനഗരം, ചൊവ്വര തുടങ്ങിയ വഴികളിലൂടെ കടന്നുപോകുന്നു. ഇവിടെ പ്രതിദിനം നാല് ട്രിപ്പുണ്ട്. മൂത്തകുന്നം, പറവൂർ, കോട്ടയിൽകോവിലകം, പറവൂർ, തുരുത്തിപ്പുറം മേഖലകളിലൂടെയാണ് നോർത്ത് പറവൂർ യൂനിറ്റിലെ ചേന്ദമംഗലം ഗ്രാമവണ്ടി കടന്നുപോകുന്നത്.
ഗ്രാമവണ്ടി പദ്ധതി
കെ.എസ്.ആർ.ടി.സി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുഗതാഗത സൗകര്യം കുറവുള്ള പ്രദേശങ്ങളിലേക്കായി ആവിഷ്കരിച്ച പദ്ധതിയാണ് ഗ്രാമവണ്ടി. പ്രാദേശിക തലത്തിൽ കൂടുതൽ ബസുകൾ അനിവാര്യമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദേശിക്കുന്ന റൂട്ടിലാണ് ബസുകൾ സർവിസ് നടത്തുക.
സ്റ്റേ ബസുകള്‍ വേണ്ടി വന്നാല്‍ ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിങ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാഹനം, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണി, സ്പെയർപാർട്സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് കെ.എസ്.ആർ.ടി.സിയും വഹിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.