വൈപ്പിന്‍ ഫോക്ലോര് ഫെസ്റ്റ് നാളെ മുതല്‍
text_fieldsകൊച്ചി: വൈപ്പിന്‍ ഫോക്ലോര് ഫെസ്റ്റ് ഞായറാഴ്ച മുതല്‍ 31വരെ വിവിധ വേദികളില്‍ നടക്കും. ഉദ്ഘാടനം മൂന്നിന് വൈകുന്നേരം നാലിന്ക്ക് വല്ലാര്‍പാടം ആല്‍ഫ ഹൊറൈസണില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിർവഹിക്കും.
കെ.എന്‍. ഉണ്ണികൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിക്കും. മണ്ഡലത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനമാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്ലാന്‍@എര്‍ത്ത് എന്ന എൻ.ജി.ഒ മണ്ഡലത്തിലെ സ്ത്രീകള്‍ക്ക് നല്കിയ പാചക പരിശീലനത്തിന്റെ ഭാഗമായി അടുക്കളകള്‍ക്ക് അവധി നല്കുന്ന ‘കിച്ചണ്‍ ബന്ദ്’ ഞായറാഴ്ചയും തുടര്‍ന്നു മൂന്നുവരെ ഫുഡ് ഫെസ്റ്റിവലും കുഴുപ്പിള്ളി ബീച്ചില്‍ നടക്കും.
ഒമ്പത് മുതല്‍ 13 വരെ വിവിധ വിഷയങ്ങളിൽ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ നടക്കും. ജസ്റ്റിസ് കെ.കെ. ദിനേശന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാംസ്കാരിക വകുപ്പ് ആരംഭിച്ച സർവമത സമ്മേളന വാര്‍ഷികത്തിന്റെ സംസ്ഥാന തല സമാപനം ചെറായി വി.വി സഭാഹാളില്‍ 21, 22, 23 തിയതികളില്‍ നടക്കും.
21മുതല്‍ 26 വരെ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ്, വാട്ടര്‍ സ്പോര്‍ട്സ് എന്നിവ നടക്കും. സംസ്ഥാന തല ഒപ്പന മത്സരം എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. വിവിധ വേദികളില്‍ ഗാനമേള ഉള്‍പ്പെടെ നടക്കും. കുഴുപ്പിള്ളി ബീച്ചില്‍ കുട്ടികള്‍ക്കായി പട്ടം നിര്‍മാണം, പറത്തല്‍, ഗ്രേറ്റര്‍ കൊച്ചിന് കള്‍ച്ചറല്‍ ഫോറത്തിന്റെ സഹായത്തോടെ ബീച്ച് ഗുസ്തി, വടംവലി, 100 കവികള്‍ പങ്കെടുക്കുന്ന കാവ്യ സദസ്സ്, ഫിലിം ഫെസ്റ്റ്, ചര്‍ച്ച എന്നിവയും നടക്കും.
ക്രിസ്മസിന്റെ ഭാഗമായി എറണാകുളം മറൈന്‍ ഡ്രൈവ് ഹെലിപാഡില്‍ നിന്ന് ബോള്‍ഗാട്ടി ജങ്ഷന് വരെ പപ്പാഞ്ഞിമാരുടെ യാത്രയും സംഗമവും നടക്കും. ഇതോടൊപ്പം രണ്ടരക്കോടി ചെലവിട്ട് മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും ഡിജിറ്റല്‍ ലൈബ്രറി ആരംഭിക്കും. 31ന് അര്‍ധരാത്രിയോടെ ഫെസ്റ്റ് സമാപിക്കും.
വാര്‍ത്തസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.എസ്. നിബിന്, കോര്‍ഡിനേറ്റര്‍ ബോണി തോമസ്, ട്രഷറർ സുനില്‍ ഹരീന്ദ്രന്‍, പ്ലാന്‍@എര്‍ത്ത് പ്രസിഡൻറ് മുജീബ് മുഹമ്മദ്, ഗ്രേറ്റര്‍ കൊച്ചിന് കള്‍ച്ചറല്‍ ഫോറം പ്രസിഡൻറ് ഷൈന്‍ ആൻറണി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.